പ്രണയക്കുരുക്ക് സംഘത്തിലെ നാലാമനായി തിരച്ചില്‍ ഊര്‍ജിതം


കോട്ടയം - പ്രണയക്കുരുക്ക് സംഘത്തിലെ നാലാമനായുളള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് ആണ്് ഒളിവില്‍ പോയത്്.

മറ്റു ജില്ലകളില്‍നിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്റിലുള്ളത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തിരിക്കുന്നത്.

അതേസമയം, പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടികളെ കുരുക്കിലാക്കാനുളള ഇത്തരം സംഘങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ പലതവണ പോലീസ്്് ശ്രദ്ധയില്‍പെടുത്തിയിരുന്നതായും അപ്പോഴൊന്നും പോലീസ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ കടുത്തുരുത്തിയില്‍നിന്നു സംശയകരമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയതോടെ പോലീസ് ശക്തമായി രംഗത്തെത്തി.17 ഉം 16 ഉം വയസ് പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്.

മൊഴിയില്‍ കുട്ടികള്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ മാത്രമെ കേസെടുത്തിട്ടുള്ളൂവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഏതാണ്ട് പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പെണ്‍കുട്ടികള്‍ നല്‍കിയ ഫോണ്‍ നമ്പരുകളും ഫോട്ടോകളും മറ്റു വിവരങ്ങളും വച്ചാണ് അന്വേഷണം നടന്നത്. പ്രതികളുടെയും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെയും ഫോണ്‍ നമ്പരുകളും ഇവരുടെ വാട്സാപ്പ്, ഫേസ്ബുക്ക് ചാറ്റുകളും  പോലീസ് അന്വേഷിക്കുന്നുണ്ട്.

ഓരോ സ്ഥലത്തും നടക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍പോലും അപ്പോള്‍തന്നെ അറിയാന്‍ പ്രതികള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നു. നിരവധി പെണ്‍കുട്ടികളും ഇത്തരത്തില്‍ പ്രതികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. തിരുനാളുകള്‍, ഉത്സവങ്ങള്‍ തുടങ്ങി പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന അവസരങ്ങളിലെല്ലാം പ്രതികളുടെ കൂട്ടമായുള്ള സാന്നിധ്യം പലയിടത്തും ഉണ്ടായിട്ടുള്ളതായി അന്വേഷണത്തില്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഏറെ ഗൗരവമുള്ള വിവരങ്ങളാണ് പെണ്‍കുട്ടികളില്‍നിന്നു പോലീസിന് ലഭിച്ചത്. പ്രാദേശികമായും പ്രതികള്‍ക്ക് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

 

 

 

Latest News