പിരിച്ച ഒരു കോടി എവിടെ? കണ്ണൂര്‍ സി.പി.എമ്മില്‍ ഫണ്ട് വിവാദം

കണ്ണൂര്‍- സി.പി.എമ്മില്‍ ഫണ്ട് വിവാദം പുകയുന്നു. പയ്യന്നൂരിലെ ഒരു ഉന്നത നേതാവിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച പരാതി. ഈ വിഷയത്തില്‍ രണ്ടംഗ അന്വേഷണ കമ്മീഷന്‍ ജില്ലാ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സൂചന. ഉടന്‍ നടപടിയുണ്ടാവും.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടു ശേഖരണം, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിട്ടി നടത്തിപ്പ് എന്നിവയിലൂടെ ഒരുകോടിയിലേറെ രൂപ പാര്‍ട്ടിയിലെ ചില നേതാക്കള്‍ തട്ടിച്ചെടുത്തുവെന്നാണ് ആരോപണം. വ്യാജ രസീത് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പിരിവ് നടത്തിയത്. എന്നാല്‍ ഇതു പാര്‍ട്ടി അംഗങ്ങളില്‍ തന്നെ ചിലര്‍ കണ്ടുപിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നേരത്തെ പരാതി ഒതുക്കാന്‍ പ്രാദേശികമായി ശ്രമിച്ചവെങ്കിലും പ്രവര്‍ത്തകരില്‍ ചിലര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ഈ വിഷയം മാറ്റിവെക്കുകയായിരുന്നു.
ജില്ലാ നേതൃത്വത്തിന് പരാതി ലഭിക്കുകയും വിഷയം വിവാദമാവുകയും ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാനേതൃത്വം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍തട്ടിപ്പു നടന്നുവെന്നു വ്യക്തമായി. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പരിശോധനയില്‍ രസീത് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ തിരിച്ചെത്താതെ വന്നതും സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് കൗണ്ടര്‍ ഫോയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹകരണ പ്രസില്‍ അടിച്ചതിനു പകരം മറ്റൊരു പ്രസില്‍ നിന്നടിച്ചതാണ് ഹാജരാക്കിയത്. ഇതോടെ കോടികളുടെ അഴിമതി നടന്നുവെന്ന് ജില്ലാ നേതൃത്വത്തിന് വ്യക്തമായി. ഒരു കോടിയുടെ തട്ടിപ്പു നടന്നുവെന്നാണ് പറയുന്നതെങ്കിലും ഏകദേശം രണ്ടുകോടിയിലേറെ വരുമെന്നാണ് പരാതിക്കാര്‍ പറയുന്നത്.
സി.പി.എം ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിനായി നടത്തിയ ചിട്ടിയിലും വന്‍ ക്രമക്കേടുകള്‍ നടന്നതായാണ് പരാതി. 15,000 പേരില്‍നിന്ന് 1000 രൂപ വെച്ചാണ് ചിട്ടി തുക പിരിച്ചിരുന്നത്. ഇതില്‍ ഒരു നറുക്കിന്റെ തുക കണക്കില്‍ കാണിച്ചില്ലെന്നാണ് ആരോപണം. ഈ തുക ഒന്നര കോടി രൂപ വരും.
പയ്യന്നൂരില്‍ സി.പി.എമ്മിനകത്തുള്ള വിഭാഗീയതയും ഈ വിഷയം പുറത്തു വരാന്‍ കാരണമായതായി പറയുന്നുണ്ട്. നേരത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമിട്ടതിന് പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നു ജില്ലാകമ്മിറ്റി നീക്കിയിരുന്നു. അതിനു പകരം മറ്റൊരു സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയത്. പയ്യന്നൂരിലെ ഉന്നത നേതാവാണ് സംശയത്തിന്റെ നിഴലില്‍ ഉള്ളത്.
അതേസമയം, സി.പി.എം ഫണ്ട് പിരിവ് തട്ടിപ്പുകേസില്‍ കുറ്റാരോപിതര്‍ക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം ഉടന്‍ നടപടിയെടുക്കുമെന്ന് സൂചന. ഇതുസംബന്ധിച്ചു ജില്ലാകമ്മിറ്റിക്ക് സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

 

 

Latest News