Sorry, you need to enable JavaScript to visit this website.

ഇടതു സര്‍ക്കാരിന്റെത് മുസ്ലിം വിരുദ്ധ നീക്കം;  ലീഗ് മത നേതാക്കളുടെ യോഗം വിളിക്കുന്നു

മലപ്പുറം- മത പ്രബോധകരും പ്രവര്‍ത്തകരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പോലീസിനെ ഉപയോഗിച്ച് വിരട്ടുന്ന ഇടതു സര്‍ക്കാരിന്റെ ശൈലി സംഘ്പരിവാറിന്റേതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതു ഗൗരവമായി കാണമെന്നും ഇത്തരം വിഷയങ്ങളെ അനാവശ്യമായി ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. വെടക്കാക്കി നനിക്കാക്കുക എന്ന സംഘപരിവാര്‍ ശൈലിയാണ് കേരളത്തില്‍ ഇടതുപക്ഷം പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫാറൂഖ് ട്രെയ്നിങ് കോളെജ് അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരായ കേസ് സംഘ് പരിവാറിനെ പ്രീണിപ്പിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തിന് ഒടുവിലെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മത പണ്ഡിതര്‍ക്കെതിരെ കേസെടുക്കുന്നത് മുസ്ലിം ലീഗ് ശക്തമായി ചെറുക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് 29 ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മത നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിക്കുന്നു എന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ഫാറൂഖ് കേളെജ് വിഷയത്തില്‍ പോലീസ് സ്വീകരിച്ച നിലപാട്. വസ്ത്രധാരണത്തെ കുറിച്ച് ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഗായകരുമെല്ലാം മുമ്പും പലപ്പോഴായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ ഘട്ടങ്ങളിലൊന്നും പോലീസ് കേസെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Latest News