റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫില്‍ രണ്ടു ദിവസം വാട്ടര്‍ ടാങ്കില്‍ കുടുങ്ങിക്കിടന്ന ബാലനെ രക്ഷപ്പെടുത്തി. വീട്ടില്‍ നിന്ന് രണ്ടു ദിവസം മുമ്പ് കാണാതായ 11 കാരനെ വെള്ളമില്ലാത്ത ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് കുടുങ്ങിക്കിടക്കുന്ന നിലയില്‍ തിരച്ചിലുകളില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരാള്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ബാലനെ വീട്ടില്‍ നിന്ന് കാണാതായത്. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചു. ഡസന്‍ കണക്കിന് സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലുകളില്‍ പങ്കെടുത്തു.
നിര്‍മാണത്തിനുള്ള കെട്ടിടത്തിനു സമീപത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ നിന്ന് ബാലന്റെ ശബ്ദവും കരച്ചിലും കേള്‍ക്കുകയായിരുന്നെന്ന് ബാലനെ രക്ഷപ്പെടുത്തിയ സൗദി യുവാവ് ഉബൈദ് അല്‍ദല്‍ബഹി പറഞ്ഞു. നിര്‍മാണത്തിലുള്ള കെട്ടിടം ചുറ്റും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ കോമ്പൗണ്ടില്‍ പ്രവേശിച്ച് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിലെ വെള്ളമില്ലാത്ത വാട്ടര്‍ ടാങ്കില്‍ ബാലന്‍ വീണുകിടക്കുന്നതായി കണ്ടെത്തി. കയര്‍ ഉപയോഗിച്ച് ബാലനെ ടാങ്കില്‍ നിന്ന് പുറത്തെടുത്തു. ശേഷം സുരക്ഷാ വകുപ്പുകളില്‍ വിവരമറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി ബാലനെ പരിശോധനകള്‍ക്കും പ്രാഥമിക ചികിത്സക്കുമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും ഉബൈദ് അല്‍ദല്‍ബഹി പറഞ്ഞു.