Sorry, you need to enable JavaScript to visit this website.

ഉന്തുവണ്ടിക്കാരന്‍ തണ്ണിമത്തനില്‍ തുപ്പി; എതിര്‍ പരാതിയുമായി ശ്രീരാമസേന പ്രവര്‍ത്തകന്‍

ധാര്‍വാഡ്- കര്‍ണാടകയില്‍ മുസ്ലിം കച്ചവടക്കാരന്റെ ഉന്തുവണ്ടി തകര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശ്രീരാമസേന പ്രവര്‍ത്തകന്‍ എതിര്‍ പരാതിയുമായി രംഗത്ത്.

നബിസാബ് കില്ലേദാറിന്റെ ഉന്തുവണ്ടി നശിപ്പിച്ചതിന് അറസ്റ്റിലായ മഹാനിംഗ ഐഗലിയാണ് കച്ചവടക്കാരനെതിരെ ആരോപണം ഉന്നയിച്ചത്. തണ്ണിമത്തന്‍ നല്‍കുന്നതിന് മുമ്പ് നബിസാബ് അതില്‍ തുപ്പിയെന്നാണ്  ഐഗലി ആരോപിക്കുന്നത്.

രണ്ട് ബൈക്കുകളിലായി നാല് പേരാണ് ക്ഷേത്രത്തിലേക്ക് പോയിരുന്നതെന്നും അവിടെ എത്തിയപ്പോള്‍ തേങ്ങ വില്‍പനക്കാരുമായി  തര്‍ക്കമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് മൈലാരപ്പ തണ്ണിമത്തന്‍ കഴിക്കാന്‍ പോയപ്പോഴാണ് നബിസാബ് അതില്‍ തുപ്പി നല്‍കിയത്.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തണ്ണിമത്തന്‍ മുറിക്കുന്നതു പോലെ കഷണങ്ങളാക്കുമെന്ന് നബിസാബ് ഭീഷണിപ്പെടുത്തിയെന്നും ഐഗലി പറഞ്ഞു.
നബിസാബ് മൈലാരപ്പയെ തള്ളിയതിനെ തുടര്‍ന്നാണ് വണ്ടിയില്‍ തട്ടി തണ്ണിമത്തന്‍ താഴെ വീണതെന്നും ഐഗാലി അവകാശപ്പെടുന്നു.
നബിസാബിന്റെ ഉന്തുവണ്ടി ഹിന്ദുത്വ ഗുണ്ടകള്‍ തകര്‍ത്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജനതാദള്‍ (സെക്കുലര്‍) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി അദ്ദേഹത്തിന് 10,000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു.
ഇതിനു പിന്നാലെയാണ് കച്ചവടക്കാരന്റെ വണ്ടി നശിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഏപ്രില്‍ 22 വരെ കസ്റ്റഡിയില്‍ വിട്ടെങ്കിലും ഏപ്രില്‍ 16ന്  ജാമ്യം ലഭിച്ചു. മോചിതരായ പ്രതികളെ ജയ് ശ്രീറാം വിളികളോടെയാണ് വരവേറ്റിരുന്നു.

 

Latest News