ന്യൂദൽഹി- സുപ്രീം കോടതി ഉത്തരവ് കാറ്റിൽ പറത്തി ദൽഹി ജഹാംഗിർ പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങൾ ബി.ജെ.പി നിയന്ത്രണത്തിലുള്ള മുനിസിപ്പൽ ഭരണസമിതി തകർത്തു. അനധികൃത നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടങ്ങൾ തകർത്തത്. ഈ മേഖലയിൽ നിലവിലുള്ള അവസ്ഥ നിലനിർത്തണമെന്ന് സുപ്രീം കോടതിയുടെ അടിയന്തിര ഉത്തരവുണ്ടായിട്ടും ജെ.സി.ബി ഉപയോഗിച്ച് കെട്ടിടങ്ങൾ തകർക്കുന്നത് ഭരണകൂടം തുടർന്നു. സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു അധികൃതരുടെ അവകാശവാദം. അതേസമയം, കേസ് ഉടൻ പരിഗണിക്കുന്നതിനായി സുപ്രീം കോടതി നാളത്തേക്ക് മാറ്റി.
ശനിയാഴ്ച നടന്ന വർഗീയ സംഘർഷത്തിന്റെ കേന്ദ്രമായ ദൽഹിയിലെ ജഹാംഗീർപുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റ വിരുദ്ധ യജ്ഞം എന്ന് അവകാശപ്പെട്ടാണ് പൊളിക്കലിന് നേതൃത്വം നൽകിയത്. ക്രമസമാധാന പ്രശ്നം നേരിടുന്നതിന് പ്രദേശത്ത് കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തിയിരുന്നു. കലാപകാരികളുടെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി അവ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്ക് കത്തെഴുതിയതിനെ തുടർന്നാണ് കയ്യേറ്റ വിരുദ്ധ നടപടിക്ക് ഉത്തരവിട്ടത്. അതേസമയം, കത്ത് ലഭിച്ചത് കൊണ്ടല്ല പൊളിക്കൽ നടപടികൾ തുടങ്ങിയതെന്നും അനധികൃത നിർമാണങ്ങൾക്കെതിരെ നിയമനടപടി തുടരുമെന്നുമാണ് മേയർ പറയുന്നത്. രണ്ടു ദിവസത്തിനകം പൊളിക്കൽ നടപടി പൂർത്തിയാക്കുമെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്‌ലിംപള്ളിയുടെ അരികിലൂടെ കടന്നുപോയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇവിടെ വർഗീയ സംഘർഷമുണ്ടായത്. തുടർന്ന് കനത്ത പോലീസ് ബന്തവസിലാണ് ഈ കേന്ദ്രം.