Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇഖാമ കൈവശമുള്ളവരെയും പോലീസ് പിടികൂടുന്നു; ശരിയായ രേഖകളുള്ളവർ പേടിക്കേണ്ടെന്ന് എംബസി

റിയാദ് - സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശോധനയിൽ ഇഖാമയുള്ളവരെ പോലും പിടികൂടുന്നതായി പരാതി ഉയരുന്നു. നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പോലീസ് പരിശോധനകളിലാണ് ഇഖാമയുള്ളവരും പിടിയിലാകുന്നത്.  രേഖകളെല്ലാം ഉണ്ടായിട്ടും ഇന്ത്യക്കാരായ നിരവധി പേർ പോലീസ് പിടിയിലാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട്  സാമൂഹിക പ്രവർത്തകരിലൊരാൾ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നൽകിയിരുന്നു. അതേസമയം, പിടിക്കപ്പെട്ടാലും രേഖകൾ ശരിയാണെങ്കിൽ പേടിക്കാനില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പോലീസിന്റെ പിടിയിലാവുന്നവരെ തർഹീലിൽ കൊണ്ടുപോയി ബയോമെട്രിക് പരിശോധന നടത്തി നിയമാനുസൃത താമസക്കാരനാണെന്ന് കൃത്യതവരുത്തുമെന്നതിനാൽ ഇഖാമയടക്കമുള്ള രേഖകൾ കാലാവധിയുള്ളതാണെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു. നിയമാനുസൃതമായി ഇവിടെ താമസിക്കുന്ന ആരെയും തർഹീലിൽ പാർപ്പിക്കില്ല. അത്തരം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
ഓരോ ദിവസവും നിരവധി വിദേശികളെയാണ് പോലീസ് പിടികൂടി തർഹീലിലെത്തിക്കുന്നത്. പിടികൂടിയവരിൽ നിന്ന് ഇഖാമ കൈവശമുള്ളവരെയും ഇല്ലാത്തവരെയും സന്ദർശക വിസക്കാരെയും വേർതിരിച്ച് വിവിധ കൗണ്ടറുകളിൽ പരിശോധിച്ച് നിയമാനുസൃതരാണെന്ന് ഉറപ്പുവരുത്തും. ശേഷം അവരെ വിട്ടയക്കും. കേസുകളിൽ പെട്ടവരെയും ഇഖാമ കാലാവധി തീർന്നവരെയും അതത് വകുപ്പിലേക്ക് മാറ്റി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. 
വാരാന്ത്യങ്ങളിൽ റിയാദിൽ ബത്ഹ, ഹാറ തുടങ്ങി വിദേശികൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലാണ് മുഖ്യമായും പരിശോധന നടക്കാറുള്ളത്. ചില സമയങ്ങളിൽ സംശയാസ്പദ സാഹചര്യത്തിൽ ഇഖാമ കൈവശമുള്ളവരെയും പോലീസ് തർഹീലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇഖാമ പരിശോധിച്ച ശേഷം അവരെ വിട്ടയക്കുകയും ചെയ്യും. ഇക്കാരണത്താൽ ചില കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് രേഖകളില്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.
അതേസമയം ഇഖാമ കാർഡിൽ ഇഷ്യു തിയ്യതിയുള്ളവരെയാണ് പോലീസ് പിടിക്കുന്നതെന്ന പ്രചാരണത്തെ തുടർന്ന് നിരവധി പേർ ഈ കാർഡുകൾ മാറ്റി വരുന്നുണ്ട്. ഇപ്രകാരം പുതിയ കാർഡ്  സംഘടിപ്പിച്ചാലും ഇഷ്യു തിയ്യതി മാത്രമാണ് ഉണ്ടാവുക. ഒരിക്കൽ അഞ്ചുവർഷത്തെ കാർഡ് ഇഷ്യു ചെയ്ത ശേഷം എന്തെങ്കിലും കാരണത്താൽ കാർഡ് മാറ്റേണ്ടിവരുമ്പോഴാണ് എക്‌സ്പയറി തിയ്യതിക്ക് പകരം ഇഷ്യു തിയ്യതി രേഖപ്പെടുത്തുന്നത്. എന്നാൽ ഇഷ്യു തിയ്യതിയാണ് ഇഖാമ കാർഡിലുള്ളതെങ്കിൽ ആ തിയ്യതി മുതൽ അഞ്ചുവർഷം വരെ അത്തരം കാർഡുകൾ ഉപയോഗിക്കാമെന്നും കാർഡുകൾ എല്ലാ വർഷവും മാറ്റേണ്ടതില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. പക്ഷേ ഓരോ വർഷവും ഫീസുകളടച്ച് ഇഖാമ ഓൺലൈനിൽ പുതുക്കണമെന്ന് മാത്രം.

Latest News