മാധ്യമ പ്രവര്‍ത്തകയെ മര്‍ദ്ദിച്ചു, നാല് പേര്‍ അറസ്റ്റില്‍

മാഹി- യുവമാധ്യമ പ്രവര്‍ത്തകയേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്തതായി മാഹി പൊലീസില്‍ പരാതി.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിനിയായ യുവ മാധ്യമ പ്രവര്‍ത്തകയും, സഹപ്രവര്‍ത്തകനായ സുഹൃത്തിനേയുമാണ് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകവെ, പെട്രോള്‍ അടിക്കാന്‍ മാഹി പാറക്കലില്‍ പെട്രോള്‍പമ്പില്‍ നിര്‍ത്തിയപ്പോള്‍ അക്രമമുണ്ടായത്. ബാത്ത് റൂമില്‍ പോയി മടങ്ങി വരികയായിരുന്ന 27 കാരിയോട് മറ്റൊരു കാറില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം അസഭ്യം പറയുകയും,  സുഹൃത്ത് ഇടപെട്ടപ്പോള്‍, സുഹൃത്തിനേയും, യുവതിയേയും വളഞ്ഞിട്ട് തല്ലുകയുമായിരുന്നു. യുവതി പോലീസില്‍ ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയും, നാല് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതിനിടെ യുവതിയെ ഇവര്‍ മുഖത്തടിച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
അക്രമിസംഘത്തെ പരിസരവാസികള്‍ തടഞ്ഞുവെക്കുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരി സ്വദേശികളായ നിഖില്‍നാഥ്  (24)  മിഥുന്‍ ലാല്‍ - (26), വൈശാഖ് - (28), കെ.കെ.നിഖില്‍ - (29) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ദീപക് ഓടി രക്ഷപ്പെട്ടു. സ്റ്റേഷനകത്ത് വെച്ചും അക്രമിസംഘം പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറയുന്നു. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. രാത്രി രണ്ട് മണിയോടെയാണ് ഇവര്‍ സ്റ്റേഷനില്‍ നിന്നു എറണാകുളത്തേക്ക് തിരിച്ചത്. അന്യായമായി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും, ഭീഷണിപ്പെടുത്തുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിന് ഐ.പി.സി. 147,341,323, 294 (ആ) 354,506 (1) 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

 

Latest News