തൊടുപുഴ- ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ജില്ലയിലെ മീന്‍കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക പരിശോധനയില്‍ 23 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഉടുമ്പന്നൂര്‍, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് വില്‍പ്പനയ്ക്ക് വച്ച 23 കിലോയോളം ചീഞ്ഞ ഒഴുക മീന്‍ പിടിച്ചെടുത്തത്. ഭക്ഷ്യയോഗമല്ലാത്ത മീന്‍ വിറ്റ ഈ കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. തൊടുപുഴ, അടിമാലി, ആനച്ചാല്‍, ഇരുമ്പുപാലം ഭാഗങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസവസ്തു ചേര്‍ത്തിട്ടുണ്ടെന്ന് സംശയം തോന്നിയ 15 മീന്‍ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാക്കനാട്ടിലെ ലാബിലേക്ക് അയച്ചു. ഒഴുക, അയല, മത്തി, കിളിമീന്‍ എന്നീ മീനുകളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയുടെ ഫലം വരുന്നതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ച നെടുങ്കണ്ടം തൂക്കുപാലം ഭാഗത്തെ മീന്‍കടകളില്‍ നടന്ന പരിശോധനയില്‍ എട്ട് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ മൊത്തക്കച്ചവ സ്ഥാപനങ്ങളില്‍ നിന്നാണ് ജില്ലയില്‍ പഴകിയ മീന്‍ എത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നെടുങ്കണ്ടത്ത് മീന്‍ കഴിച്ച പൂച്ചകള്‍ ചത്തതും കറി കഴിച്ചവര്‍ക്ക് വയറു വേദന അനുഭവപ്പെട്ടതും വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലയില്‍ വ്യാപകമായി മത്സ്യകടകളില്‍ പരിശോധന നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊടുപുഴ ഫുഡ്സേഫ്റ്റി ഓഫീസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഫുഡ്സേഫ്റ്റി ഓഫീസര്‍ ബൈജു പി. ജോസഫ്, ഉടുമ്പഞ്ചോല ഫുഡ്സേഫ്റ്റി ഓഫീസര്‍ ആന്‍മേരി ജോണ്‍സണ്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍ നൗഷാദ്, ഭക്ഷ്യസുരക്ഷാ ജീവനക്കാരായ ഉണ്ണികൃഷ്ണന്‍, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.