തിരുവനന്തപുരം- ജോലിക്കിടെ കോര്‍പ്പറേഷന്റെ സല്‍പേര് വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച അഞ്ച് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ആദരം.
2021 ഒക്ടോബര്‍ 16 ന് പുല്ലുപാറയിലെ ഉരുള്‍പൊട്ടല്‍ സമയത്ത് മലവെള്ളപാച്ചലില്‍പ്പെട്ട 3 അംഗ ഗുജറാത്തി കുടുംബത്തെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ എരുമേലി ഡിപ്പോയിലെ ഡ്രൈവര്‍ തോമസ് കെ.ടി, കണ്ടക്ടര്‍ ജയിസന്‍ ജോസഫ്, 2018 ഓഗസ്റ്റ് 15 ന് സ്വന്തം വീട് വെള്ളത്തില്‍പെട്ടിട്ടും റാന്നി യൂണിറ്റില്‍ വെള്ളം പൊങ്ങിയപ്പോള്‍ 8 ബസുകള്‍ സുരക്ഷിത സ്ഥാനത്ത് മാറ്റുകയും, 6 പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത റാന്നി യൂണിറ്റിലെ മെക്കാനിക് മഹേഷ് പി.ജി,
കോവിഡിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരെ കൂട്ടുന്നതിന് വേണ്ടി സ്വന്തം ചിലവില്‍ തമിഴിലും ഇംഗ്ലീഷിലും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത എറണാകുളം യൂണിറ്റിലെ ഡ്രൈവര്‍ അനീഷ് ടി.പി, 2021 ഏപ്രില്‍ 21 ന് എരുമേലി പാലക്കാട് സര്‍വീസ് സമയത്ത് റോഡ് സൈഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് കിടന്ന യുവാക്കളെ രക്ഷിക്കാന്‍ ശ്രമിച്ച എരുമേലി യൂണിറ്റിലെ ഡ്രൈവര്‍ പൊന്നൂസ് കെ.സി എന്നിവരെയാണ് ആദരിച്ചത്.
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കി ജീവനക്കാരെ ആദരിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, സി.എം.ഡി ബിജുപ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






