Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ പി.യു.സി പരീക്ഷ തുടങ്ങുന്നു, ഹിജാബ് അനുവദിക്കില്ലെന്ന് മന്ത്രി

ബംഗളൂരു- കര്‍ണാടകയില്‍ വാര്‍ഷിക പി.യു.സി വാര്‍ഷിക പരീക്ഷ എഴുതാന്‍ ഹിജാബ് ധരിച്ച  വിദ്യാര്‍ഥിനികളെ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. വാര്‍ഷിക സെക്കണ്ടറി പി.യു.സി പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്.
എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.  
ഹിജാബ് വിവാദങ്ങള്‍ക്കിടയില്‍ എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാക്കിയ കര്‍ണാടകയില്‍  രണ്ടാം വര്‍ഷ പി.യു.സി പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെയാണ് നടത്തുന്നത്.  6,84,255 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബെഞ്ചിന്റെ തീരുമാനം.
ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ ആറ് വിദ്യാര്‍ത്ഥിനികളില്‍നിന്ന് ആരംഭിച്ച ഹിജാബ് വിവാദമാണ് സംസ്ഥാനത്തുടനീളം വ്യാപിക്കുകയും പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തത്. കനത്ത പോലീസ് സന്നാഹത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ എസ്എസ്എല്‍സി പരീക്ഷ നടത്തിയതും പരീക്ഷാ കേന്ദ്രങ്ങളില്‍ ഹിജാബ് നിരോധിച്ചതും.
പി.യു.സി പരീക്ഷ 1,076 കേന്ദ്രങ്ങളില്‍  നടത്തുമെന്ന് വകുപ്പ് അറിയിച്ചു. 3,46,936 ആണ്‍കുട്ടികളും 3,37,319 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

 

Latest News