ഡോള്‍ഫിനെ തീരത്തിട്ട് വെട്ടിക്കീറി, രണ്ടു പേര്‍ കസ്റ്റഡിയില്‍

പൂന്തുറ- ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം ഡോള്‍ഫിനുണ്ടായിരുന്നത്. ഏകദേശം 300 കിലോതൂക്കമുളള ഡോള്‍ഫിനെയാണ് ചത്തനിലയില്‍ കണ്ടത്.  കരയിലെത്തിച്ചശേഷം പൂന്തുറയിലുളള മീന്‍വില്‍പ്പനക്കാരിക്ക് ഡോള്‍ഫിനെ കൈമാറുകയായിരുന്നു. ഇവര്‍ ഇതിനെ തീരത്തിട്ട് മുറിച്ച് കഷണങ്ങളാക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ പൂന്തുറ പോലീസിനെ വിവരമറിയിച്ചു.

എസ്.ഐ വിമലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി ഡോള്‍ഫിനെ വെട്ടിമുറിക്കുന്നത് തടഞ്ഞു. പോലീസ് അറിയിച്ചതനുസരിച്ച് വനംവകുപ്പ്   ഉദ്യോഗസ്ഥരായ ഗംഗാധരന്‍ കാണി, റോഷ്‌നി, റാപ്പിഡ് ആക്ഷന്‍ സംഘത്തിലെ രാഹുല്‍, ശരത്, നിഷാദ് എന്നിവര്‍ സ്ഥലത്തെത്തി.

കേരളത്തീരത്തെ കടലിലുളള ബോട്ടില്‍ നോസ് എന്ന വിഭാഗത്തിലുളള ഡോള്‍ഫിനാണിതെന്ന് കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് മേധാവി പ്രൊഫ. എ.ബിജുകുമാര്‍ പറഞ്ഞു.

 

Latest News