Sorry, you need to enable JavaScript to visit this website.

ചാരുദൃശ്യങ്ങളുടെ ഊഞ്ഞാലിൽ, അൽ ഉല

മനോഹരമായ മണൽ രൂപങ്ങൾക്കും നക്ഷത്രങ്ങൾ താഴേക്കിറങ്ങി നിൽക്കുന്ന ആകാശങ്ങൾക്കുമപ്പുറം കാണാക്കാഴ്ചകളേറെയും ബാക്കിയാക്കി മടങ്ങി.  മടങ്ങുന്ന വഴി ഞാൻ കാറിന്റെ പിറകിലെ ലോംഗ് സീറ്റിൽ ആകാശം നോക്കി കിടന്നു.  അൽുലയുടെ ആകാശം നക്ഷത്രങ്ങളെയും നിറച്ചിത്തിരി നേരം എന്നെ അനുഗമിച്ചു. പിന്നെ എങ്ങോട്ടോ മറഞ്ഞു.

ഓൺലൈൻ പഠനങ്ങളും പഠിപ്പിക്കലുകളുമായി ഏറ്റവും വിരസമായി കടന്നു പോയിരുന്ന പ്രവൃത്തി ദിവസങ്ങൾക്ക് വ്യാഴാഴ്ച ഉച്ചയോടെ വിരാമമാകും. അപ്പോഴേക്കും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഞങ്ങൾ അഞ്ചുപേരും ഒരു യാത്രക്ക് തയാറായിരിക്കും. പിന്നെ ഒക്കെ വളരെ പെട്ടെന്നായിരിക്കും. എല്ലാവരും അവരവർക്ക് വേണ്ട ഈ രണ്ട് ജോഡി ഡ്രെസ്സുകൾ എടുത്തുവെയ്ക്കും. ആരെങ്കിലും ഒരാൾ ബ്രഷുകളും പേസ്റ്റും  കവറിലാക്കി വെയ്ക്കും. ഏതെങ്കിലുമൊരു പെയിൻ ബാം, ഒരു പനഡോൾ സ്ട്രിപ്, ബാത്ത് ടവൽ കഴിഞ്ഞു ..... ബാക്കിയൊക്കെ സൗകര്യം പോലെ ചെടികൾക്ക് വെള്ളവും  മീനുകൾക്ക് ഭക്ഷണവും നൽകി വീടിനോടൊരു സലാം  പറഞ്ഞു നമ്മൾ ഇറങ്ങുകയായി.യാത്രകൾ എന്നും നമ്മൾ അഞ്ചുപേരും ഒരുപോലെ ആസ്വദിച്ചിരുന്നു. ആസ്വാദനം പലപ്പോഴും പല രീതിയിലായിരിക്കും.
ചിലപ്പോൾ ഒന്നിച്ചു കേൾക്കുന്ന കാതരമായ രാഗങ്ങളായി, ഒന്നിച്ച് ആസ്വദിക്കുന്ന രുചികളായി. ഒന്നിച്ചു കാണുന്ന മനോഹരമായ കാഴ്ചകളായി.മക്കളോടൊപ്പം ഒക്കെയും മറന്നു ഒന്നിച്ച് കടന്നുപോകുന്ന നിമിഷങ്ങളായി ....മക്കൾ  സുഖമായി ഉറങ്ങുമ്പോൾ നമ്മൾ രണ്ടാളും മാത്രം ഉണർന്നിരുന്നു പങ്കുവെയ്ക്കുന്ന  തീരാക്കഥകളായി.അങ്ങനെ അങ്ങനെ എത്ര മനോഹരങ്ങളാണ് ഓരോ യാത്രകളും!വലിയ മുന്നൊരുക്കങ്ങളോ പ്രതീക്ഷകളോ ഒന്നും തന്നെ ഇല്ലാതെ നമ്മൾ നടത്തുന്ന ചില യാത്രകൾ അത് നമുക്ക് സമ്മാനിക്കുന്നത് തികച്ചും അവിസ്മരണീയമായ കാഴ്ചകളോ അനുഭവങ്ങളോ ഒക്കെ ആകാം.
റോയൽ കമ്മീഷന്റെ  അണ്ടറിൽ ഏറ്റവും ഭംഗിയായി ഒരുക്കിയിരിക്കുന്ന  'യാമ്പു ഇൻഡസ്ട്രിയൽ സിറ്റി'യിലേക്ക് നടത്താറുള്ള യാത്രകൾ എന്നും ഏറെ പ്രിയപ്പെട്ടതാവുന്നത് ആ സ്ഥലത്തിന്റെ ഭംഗി ഒന്ന് കൊണ്ട് മാത്രമല്ല.


റെജി അൻവർ

നിറഞ്ഞ മനസ്സോടെ നമ്മളെ സ്വീകരിക്കാൻ നമ്മുടെ പ്രിയപ്പെട്ടവർ കാത്തിരിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകൾക്ക് ഒരു പ്രത്യേക സുഖമല്ലേ? അതുകൊണ്ടു തന്നെ യാമ്പുവിലേക്കുള്ള യാത്രകളിൽ മക്കൾ വളരെ എക്‌സൈറ്റഡ് ആണ്. മാമു, നീനീ  പിന്നെ നമ്മുടെ കുഞ്ഞുമാലാഖ ജസ്സാ മറിയം എന്ന ജസ്സു (ബ്രോ ആൻഡ് ഫാമിലി). മാമൂന്റെ വക സ്‌പെഷ്യൽ ട്രീറ്റുകൾ, ഔട്ടിംഗുകൾ ....നീനീടെ ഫ്രൈഡ് ചിക്കൻ ബിരിയാണി, ജസ്സുന്റെ കുഞ്ഞിക്കുറുമ്പുകൾ അങ്ങനെയങ്ങനെ രണ്ടു നാൾ കൊണ്ട് നന്നായി ഫ്രഷായി തിരികെ വരാം.അങ്ങനെ ഒരു വ്യാഴാഴ്ച വൈകുന്നേരം പതിവു പോലെ യാമ്പുവിലെത്തി. പിന്നെ പെട്ടെന്നുള്ള തീരുമാനമായിരുന്നു അവിടുന്ന് 400 കിലോമീറ്റർ 'അൽ  ഊല'.  പിറ്റേന്ന് രാവിലെ തിരിച്ചാൽ ജുമുഅയുടെ സമയത്ത് അവിടെ എത്താം. മദായിൻ സ്വാലിഹ് ആയിരുന്നു ലക്ഷ്യം. പിന്നെ സൗദി ടൂറിസം ഡെവലപ്‌മെന്റിന്റെ ഭാഗമായി എന്തൊക്കെയോ പുതിയ സംഭവങ്ങൾ ഉണ്ടെന്ന് കേട്ടു എന്തായാലും ഒന്ന് പോയി നോക്കാം. ഒരു ദിവസത്തെ സ്റ്റേ പ്ലാൻ ചെയ്തു നമ്മൾ ഒരുമിച്ച് യാത്ര തുടങ്ങി. നല്ല തണുത്ത കാലാവസ്ഥ യാത്രയ്ക്ക് കൂടുതൽ സുഖം പകർന്നു.


ഉച്ചയോടു കൂടി തന്നെ അവിടെ എത്തി. വെള്ളിയാഴ്ച നമസ്‌കാരവും ഉച്ചഭക്ഷണവും  കഴിഞ്ഞു ഓൺലൈനിൽ നിയർ ബൈ അക്കൊമൊഡേഷൻ സെർച് ചെയ്തപ്പോൾ കിട്ടിയ ഒരു ലൊക്കേഷനിലേക്കെത്തി. റൂം അന്വേഷണത്തിന്റെ ഭാഗമായി വണ്ടി ഒതുക്കി ഇക്കയും കുട്ടുവും റിസപ്ഷനിലേക്ക് പോയി. ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. നല്ല തണുപ്പ്. സൂര്യൻ തൊട്ടുമുകളിൽ ഉണ്ടെങ്കിലും താപനില 15 ഡിഗ്രിയിലും താഴെ മാത്രം.  ചെറിയ കാറ്റും. എന്റെ  മേലാകെ മൂടിക്കിടന്ന പതുപതുത്ത കമ്പിളിത്തുണിയുടെ ഇളം ചൂടിലേക്ക് കൈകൾ കൂടി തിരുകി വെച്ച് ഞാൻ ചുറ്റും നോക്കി. പല നിറത്തിലുള്ള പൂക്കളും ചെടികളും ചേർന്ന് അതിരുകൾ തീർത്തു നിൽക്കുന്ന മുറ്റം. അതിനുമപ്പുറത്തേക്ക് ഒരു നിമിഷം ..... തികച്ചും അപ്രതീക്ഷിതമായി കണ്ട മനോഹരമായ ആ കാഴ്ചയിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു  അതെ, അത് തന്നെ.  ഏറ്റവും ഭംഗിയുള്ള നിറക്കൂട്ടുകളിൽ ഓറഞ്ചുകൾ നിറഞ്ഞ് നിൽക്കുന്ന ഓറഞ്ച് മരങ്ങൾ ഒന്നല്ല, രണ്ടല്ല ഒരുപാട് ഒരുപാട് ...ചില യാത്രകളിൽ വളരെ വിരളമായി   ഓറഞ്ച് ആണോ നാരങ്ങ ആണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നിൽക്കുന്ന മരങ്ങൾ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാൽ ഇത്രയും മനോഹരമായി ഇത്രയധികം മരങ്ങൾ ഒരുമിച്ച്, നല്ല ഓറഞ്ചും പച്ചയും നിറക്കൂട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച ഇതാദ്യമായാണ്.ആ കാഴ്ചയിൽ പരിസരം മറന്നങ്ങനെ നിന്നപ്പോഴാണ് പെട്ടെന്ന് ഒരാൾ മരങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നു പാകമായി നിൽക്കുന്ന ഓറഞ്ചുകളിലൊന്ന്  പറിച്ചെടുത്ത് മനോഹരമായൊരു പുഞ്ചിരിയും എനിക്കു  സമ്മാനിച്ച് മരങ്ങൾക്കിടയിലേക്ക് തന്നെ മറഞ്ഞത്. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി. ഇയാളിതെവിടുന്നു വന്നു. പിന്നെ കാതോർത്തു ....മരങ്ങൾക്കപ്പുറം ആരുടെയൊക്കെയോ പതിഞ്ഞ സ്വരങ്ങളും ചിരിയും കേൾക്കാം. എന്റെ നോട്ടം അങ്ങോട്ടായി. ഓറഞ്ച് മരങ്ങൾക്കുമപ്പുറം ഏറ്റവും ഭംഗിയിൽ പൂക്കളും പുൽത്തകിടികളും നിറഞ്ഞ ഫ്രണ്ടേജോടു കൂടി നിരന്നു നിൽക്കുന്ന കോട്ടേജുകൾ. അപ്പോഴേക്കും മനസ്സൊന്നാർത്തു .... ഈ തണുപ്പിൽ ഓറഞ്ച് തോട്ടങ്ങൾക്ക് നടുവിൽ ആ ....ഹാ!  ഇന്ന് രാത്രി പൊളിക്കും.


അപ്പോഴേക്കും ഇക്കായും കുട്ടുവും  കുഞ്ഞുങ്ങളും എല്ലാവരും അങ്ങോട്ടേക്കെത്തി .... ആവേശത്തോടെ ചോദിച്ചു ഇക്കാ...റൂം കിട്ടിയോ. 'ഇല്ല ഇവിടെ എല്ലാം ഒക്കുപൈഡ് ആണ്' ആണോ .....എനിക്ക് വല്ലാത്ത നിരാശ തോന്നി. സംഭവം ഒന്നും പ്രതീക്ഷിച്ചല്ല വന്നത്. ഒരു ദിവസം താമസിക്കാൻ അത്യാവശ്യം തെറ്റില്ലാത്ത ഒരിടം. അത് അന്വേഷിച്ചാണ് ഇറങ്ങിയത്. എത്തിപ്പെട്ടത് ഇവിടെയും. പിന്നെ അവിടെ വിട്ടു പോകുന്നത് ഓർത്ത് വല്ലാതെ വിഷമിച്ചു. 
എന്തായാലും വേറെ രക്ഷയില്ല. എന്നാൽ  പിന്നെ കുറച്ച് ഫോട്ടോസ് ആകാം. എല്ലാവരും ചേർന്ന് ഓറഞ്ച് മരങ്ങൾക്കിടയിൽ നിന്ന് കുറച്ച് ഫോട്ടോയൊക്കെ എടുത്തു. അവരുടെ അനുവാദത്തോടെ തന്നെ കുറച്ച് ഫ്രഷ് ഓറഞ്ചസ് ഫ്രഷ് ആയി തന്നെ കഴിച്ച്, ഒട്ട് വിഷമത്തോടെ അവിടെ നിന്നും പോകാനായി നിന്നപ്പോഴാണ് അവിടുത്തെ  നോക്കി  നടത്തിപ്പുകാരിൽ ഒരാൾ വന്നു ഒരു ഫോൺ നമ്പറും ലൊക്കേഷനും  തന്നിട്ട് ഇവിടെ കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് പറഞ്ഞത്. അങ്ങനെ അവിടെ നിന്നും നമ്മൾ മനസ്സില്ലാമനസ്സോടെ പുതിയ ലൊക്കേഷൻ തേടി ഇറങ്ങി. അധികം ദൂരത്ത് അല്ലെങ്കിലും കുറച്ചു ഓഫ് റോഡ് സഞ്ചരിക്കണമായിരുന്നു. ഓഫ് റോഡ് എന്ന് പറയുമ്പോൾ രണ്ടു വശങ്ങളിലും ഓറഞ്ചിന്റെയും ഈത്തപ്പനകളുടെയും തോട്ടങ്ങൾ ഒക്കെയും ഉണങ്ങിയ ഈത്തപ്പനയോലകൾ കൊണ്ട് തന്നെ മറച്ച് ചെറിയ വേലികൾ കെട്ടിയിരിക്കുന്നു. നടുക്ക് വിശാലമായ മൺപാതയും ശരിക്കും ശാന്തസുന്ദരമായൊരു അറേബ്യൻ നാട്ടുവഴി. ഒടുവിൽ  നമ്മളുടെ വണ്ടി ഒരു വലിയ ഗേറ്റിന് മുൻപിൽ ചെന്ന് നിന്നു. മതിലിനപ്പുറം വലിയൊരു മരം കാണാം. അതിൽ നിറയെ കുഞ്ഞു കുഞ്ഞു കുരുവികൾ. അവരുടെ ചിൽ ചിൽ ശബ്ദങ്ങൾ മാത്രം ഇങ്ങനെ കേൾക്കാം. ബാക്കിയൊക്കെ ശാന്തം സുന്ദരം.  സമയം നാല് മണിയോടടുക്കുന്നു സുഖമുള്ളൊരു തണുപ്പ് നമ്മളെ ചുറ്റി നിന്നിരുന്നു. തന്നിരുന്ന നമ്പറിൽ വിളിച്ചു. അതെ അത് തന്നെ അകത്ത് ആളുണ്ട്. താടിയും തൊപ്പിയും വെച്ച് പൈജാമ ഇട്ട ഒരാൾ ശരിക്കും പറഞ്ഞാൽ  നമ്മുടെ സിനിമകളിൽ സ്ഥിരമായി കാണിക്കാറുള്ള ടെററിസ്റ്റിന്റെ അതേ കോസ്റ്റ്യൂം, പക്ഷേ വളരെ ശാന്തമായ മുഖഭാവത്തോടു കൂടിയ ഒരാൾ. 
സത്യം പറഞ്ഞാൽ താടിയും തൊപ്പിയും പൈജാമയും ഇട്ടവരൊക്കെയും ടെററിസ്റ്റ്കൾ അല്ലെന്നും നമ്മളെ പോലെ തന്നെ ജീവിതത്തിന്റെ പറിച്ചുനടലുകളിൽപെട്ട് സ്വദേശം വിട്ട് പലയിടങ്ങളിലെത്തിയിട്ടും തന്റെ പരമ്പരാഗത വേഷത്തിൽ തുടരുന്ന സാധാരണ മനുഷ്യരാണെന്നും മനസ്സിലായത് ഇവിടെ വന്നതിന് ശേഷം മാത്രമാണ്. അയാൾ അവിടുത്തെ നോക്കിനടത്തിപ്പുകാരൻ ആണ്. 
ഓണറിനെ വിളിച്ച് സംസാരിച്ചതിനു ശേഷം നമ്മളോട് റൂമൊക്കെ കയറി കണ്ടുകൊള്ളാൻ പറഞ്ഞു. പലതരം ചെടികളും പൂക്കളും മരങ്ങളുമൊക്കെ അതിര് ചേർന്ന് നിൽക്കുന്ന വിശാലമായ മുറ്റവും, മുറ്റത്തിന്റെ ഒരറ്റത്ത്  ഭംഗിയുള്ളൊരു ടെന്റ് ഹൗസും ഒക്കെ ഒരുക്കിയിട്ടുള്ള വലിയൊരു വില്ല കോമ്പൗണ്ട്   ആയിരുന്നു അത്.  ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്  അതാ പിന്നെയും ....ഓറഞ്ച് മാത്രമല്ല, വില്ലയുടെ വാതിലിനു മുന്നിൽ തന്നെ വലിയ രണ്ട് മുസംബി മരങ്ങൾ. അതിന്റെ ചില്ലകൾ ഫലങ്ങളും പേറി താണങ്ങനെ നിൽക്കുന്നു. അതിനിടയിലൂടെ വേണം അകത്തേക്ക് കയറാൻ. അകത്തു കയറി നോക്കി. വിശാലമായ അടുക്കള. എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ഇടയ്‌ക്കൊക്കെ ഹൗസ് ഓണർ വന്ന് സ്റ്റേ ചെയ്യാറുണ്ടത്രേ. അതുകൊണ്ടായിരിക്കണം അത്രയും മനോഹരമായി തന്നെ അത് സംവിധാനം ചെയ്തിരിക്കുന്നു. ഭംഗിയുള്ള ഫ്‌ളോർ മാറ്റുകൾ, വാൾ പെയിന്റിംഗ്‌സ്.  വൃത്തിയുള്ള വിശാലമായ മുറികൾ. മുറിയുടെ ഒരറ്റത്ത് ഇട്ടിരുന്ന മേശമേൽ ഒരു ഫ്ലവർ വെയ്‌സിൽ മനോഹരമായ രണ്ട് പനിനീർ പുഷ്പങ്ങൾ ഇലയും തണ്ടും ഉൾപ്പെടെ കട്ട് ചെയ്‌തെടുത്ത് ഇട്ട് വെച്ചിരിക്കുന്നു. അതിൽനിന്നും റൂമിൽ ആകെ സുഖമുള്ളൊരു ഗന്ധം നിറഞ്ഞുനിന്നു .....  ബാത്‌റൂം ഫെസിലിറ്റീസ് ഒക്കെ ഓക്കെയാണ്. സന്തോഷത്തോടെ നമ്മൾ അയാളുമായി  റൂം റേറ്റ് ഒക്കെ പറഞ്ഞു അന്നത്തെ സ്റ്റേ അവിടെ ഉറപ്പിച്ചു. അപ്പോഴാണ് അയാൾ പറഞ്ഞത് ഇവിടെ അടുത്ത് കുറച്ചു മാറി ഒരു ഓറഞ്ച് തോട്ടം ഉണ്ട്.  വേണമെങ്കിൽ അയാൾ അവിടേക്ക് കൊണ്ടുപോകാം. നമ്മളെല്ലാവരും ഡബിൾ ഓക്കെ വണ്ടി എടുക്കണോ ..... വേണ്ട അയാൾ  അവിടെനിന്നും ഇറങ്ങി മൺപാതയിലൂടെ  മെല്ലെ നടന്നു നമ്മളയാളെ പിൻതുടർന്നു കുറച്ച് നടന്നു കഴിഞ്ഞപ്പോൾ അതാ കണ്ണെത്താദൂരം ഓറഞ്ച് മരങ്ങൾ. നേരത്തെ കണ്ടതും മിസ്സായി എന്ന് കരുതിയതും ഒന്നും ഒന്നുമല്ല സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ആണ് തോന്നിയത്. ഓറഞ്ച് മരങ്ങൾ മാത്രമല്ല അതിനുമപ്പുറം അൽ ഉലയുടെ  ഏറ്റവും വലിയ അട്രാക്ഷൻ മഷ്‌റൂം റോക്‌സ് പോക്കുവെയിലിൽ തിളങ്ങി അങ്ങനെ നിൽക്കുന്നു. ആ കാഴ്ചയുടെ  മനോഹാരിത എത്ര പറഞ്ഞാലും മതിയാവില്ല.ഒരുപക്ഷേ പുറംലോകം ഇനിയും അറിഞ്ഞിട്ടില്ലാത്ത അറേബ്യയുടെ സൗന്ദര്യം! മണ്ണിൽനിന്ന് ഉയർന്നുവന്ന് കുടകൾ പോലെ നിൽക്കുന്ന രൂപങ്ങൾ,  വീശിയടിക്കുന്ന മണൽക്കാറ്റിൽ കാലാന്തരങ്ങളായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന വശ്യമനോഹര രൂപങ്ങൾ. 


ഉദയാസ്തമയങ്ങൾ ഈ മണൽ രൂപങ്ങൾക്ക് മേൽ നിറക്കൂട്ടുകൾ ചാർത്തുന്നു.കുറേ നേരം അവിടെ ചെലവഴിച്ച് നമ്മൾ റൂമിലേക്ക് തിരികെ വന്നു.  അപ്പോഴാണ് ലൊക്കേഷൻ നോക്കിയിട്ട് ഇക്ക പറഞ്ഞത് ഓൾഡ് ടൗൺ എന്ന ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ഇവിടുന്ന് വളരെ അടുത്താണ് എന്നും പെട്ടെന്ന് ഫ്രഷ് ആയി ഇറങ്ങിയാൽ അവിടെ ഒന്ന് പോയി നോക്കാം എന്നും ...പെട്ടെന്ന് തന്നെ ഒന്ന്  റെഫ്രഷ് ആയി നമ്മൾ അവിടേക്ക് തിരിച്ചു.സമയം അപ്പോഴേക്കും ഏകദേശം അസ്തമയത്തോട് അടുക്കുന്നു, തണുപ്പും ഏറിയിട്ടുണ്ട്. അവിടെ എത്തിയതും കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ഉള്ളിലേക്ക് അവരുടെ തന്നെ വാഹനത്തിൽ നമ്മളെ കൊണ്ടുപോകും. നല്ല ഭംഗിയുള്ള ചെറിയ വാനുകൾ എല്ലാം പൊലൂഷൻ ഫ്രീ ആണ് കേട്ടോ. ബാറ്ററിയിൽ ഓടുന്നവ. അധിക ദൂരം ഇല്ല നമ്മൾ ഓൾഡ് ടൗണിലേക്ക് പെട്ടെന്നു തന്നെ എത്തി.  
പഴമയുടെ മുഴുവൻ സൗന്ദര്യവും പകർന്നുകൊണ്ട് ഏറ്റവും മനോഹരമായ രീതിയിൽ പുനഃക്രമീകരിച്ചിരിക്കുന്ന ഒരു തെരുവ്.  പ്രകൃതിദത്തമായ അൽഊല റോക്കുകളുടെ പശ്ചാത്തലത്തിലാണ് ഈ തെരുവ് .അസ്തമയസൂര്യന്റെ അരുണിമ മുഴുവനും ആവാഹിച്ചു നിൽക്കുന്ന അൽ- ഊല .... അതിന്റെ മനോഹരമായ വീഥികളിലൂടെ തണുപ്പും സൗന്ദര്യവും ആസ്വദിച്ചു നടക്കുന്ന അനേകം അതിഥികളോടൊപ്പം നമ്മളും.. സന്ധ്യ മയങ്ങിയതോടെ റൂമിലേക്ക് മടങ്ങാൻ നമ്മൾ തീരുമാനിച്ചു. അപ്പോഴേയ്ക്കും  എല്ലാപേർക്കും ചെറിയ വിശപ്പായി തുടങ്ങിയിരുന്നു. റൂമിൽ എത്തിയിട്ട് ചെറിയൊരു ക്യാമ്പ് ഫയറും, ഗ്രിൽഡ് ചിക്കനും ഒക്കെ നമ്മൾ പ്ലാൻ ചെയ്തിരുന്നു.  റൂമിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട.് ഒപ്പം രാത്രി ആയതോടെ നല്ല തണുപ്പും.  അങ്ങനെ അത്യാവശ്യം തെറ്റില്ലാത്ത ഒരു കടയിൽ ഇറങ്ങി അവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി. കുഞ്ഞുങ്ങൾക്കു നമുക്കും തൽക്കാലം വിശപ്പടക്കാൻ ആയി കുറച്ച് സ്‌നാക്‌സും. ചിക്കനൊപ്പം കഴിക്കാനുള്ള റൊട്ടി വാങ്ങാൻ പോയിട്ട് ഇക്ക നല്ല ചൂട് റൊട്ടികളുമായാണ് വന്നത് , നല്ല വിശപ്പ് ആയിരുന്നത് കൊണ്ടാണോ നല്ല തണുപ്പ് ആയതുകൊണ്ടാണോ എന്നറിയില്ല റൊട്ടികൾക്ക് എന്തൊരു രുചിയായിരുന്നു കാറിലിരുന്ന് തന്നെ ചൂടോടെ ആ റൊട്ടികൾ നമ്മൾ പങ്കുവെച്ച് കഴിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ ആ കടയിൽ റൊട്ടികൾ ഉണ്ടാക്കി ഫ്രീയായി കൊടുക്കുമത്രേ ....എത്ര മനോഹരമായ ആചാരം. അങ്ങനെ മനോഹരമായ പല പല ആചാരങ്ങൾ കൊണ്ടും സമ്പന്നമാണീ രാജ്യവും ഇവിടുത്തെ ജനങ്ങളും.
 ഒക്കെ കഴിഞ്ഞ് റൂമിൽ എത്തിയപ്പോഴേക്കും സമയം 9 മണിയോട് അടുത്തിരുന്നു. തണുപ്പ് -3 ഡിഗ്രിയിലേക്കും. പെട്ടെന്ന് തന്നെ  ഒരു കട്ടൻ ഇട്ട് കുടിച്ചിട്ട് നമ്മളെല്ലാവരും ഒരുമിച്ച് ചിക്കന്റെ പണികൾ തുടങ്ങി ദാ ....പറയുന്നതിനു മുമ്പ് എല്ലാം സെറ്റ്.  തണുപ്പിന്റെ കാഠിന്യം ഒന്നും സ്വെറ്ററും ഇട്ടു ഓടി കളിക്കുന്നതിനിടയിൽ കുഞ്ഞുങ്ങൾ അറിയുന്നതേയില്ല. കൊടുംതണുപ്പിൽ മുറ്റത്ത് കനൽ കൂട്ടി നമ്മളെല്ലാവരും ചുറ്റുമിരുന്നു. തീക്ഷ്ണമായ തണുപ്പിലും മുറ്റമാകെ വെട്ടം നിറച്ച്  നിലാചിരി തൂകി നിൽക്കുന്ന ചന്ദ്രൻ ഒറ്റക്കല്ല കേട്ടോ ചുറ്റുമൊരായിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങി നിൽക്കുന്നു. എന്തൊരു ഭംഗിയാണ്! അൽ ഉലയുടെ ആകാശം അങ്ങനെയാണ.്  കയ്യെത്തി തൊടാൻ പാകത്തിൽ കാക്കത്തൊള്ളായിരം നക്ഷത്രങ്ങളെയും നിറച്ച് ആകാശം താഴേക്കിറങ്ങി വന്നത് പോലെ തോന്നും. പറഞ്ഞാൽ ഒരുപക്ഷേ വിശ്വസിക്കില്ല.  അത് അനുഭവിച്ചു തന്നെ അറിയണം. രക്തം കട്ടപിടിച്ചേക്കാവുന്ന തണുപ്പിനെയും അവഗണിച്ച് ആകാശവും നോക്കി എത്രനേരം ആണോ ഞാൻ അവിടെ നിന്നത്.


അങ്ങനെ രാത്രിയിലെ തണുപ്പും ഭംഗിയും ആവോളം ആസ്വദിച്ച് വിശാലമായ ടെന്റ് ഹൗസിൽ ഇരുന്ന് നല്ല ചൂട് റൊട്ടിയും കനലിൽ ചുട്ട ചിക്കനും ഒക്കെ കഴിച്ച് എല്ലാവരും ചേർന്ന് പങ്കിട്ട മനോഹരമായ നിമിഷങ്ങൾ പിന്നീടത് ഒരുമിച്ചുള്ള യാത്രകൾ സമ്മാനിക്കുന്ന ഏറ്റവും പ്രിയമേറും ഓർമകളായി മാറുന്നു. ഏറെ വൈകിയാണ് കിടന്നത് എങ്കിലും ഞാനും ഇക്കായും ഒന്നിച്ച് പ്ലാനിട്ടു. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് നമുക്ക് ഓറഞ്ച് തോട്ടത്തിലേക്ക് പോയാലോ ...ഭയങ്കര തണുപ്പ് ആയിരിക്കും .... എന്നാലും സാരമില്ല, നമുക്ക് നോക്കാം. പറഞ്ഞപോലെ രാവിലെ തന്നെ ഉണർന്നു കുഞ്ഞുങ്ങളുൾപ്പടെ എല്ലാവരും നല്ല ഉറക്കം, സുബ#്ഹി നമസ്‌കാരം കഴിഞ്ഞു മെല്ലെ കിച്ചണിലേക്ക് പോയി  കെറ്റിൽ ഓണാക്കി ചായ ഇട്ടു രണ്ട് കപ്പുകളിൽ ആയി പകർന്നെടുത്ത് നമ്മൾ രണ്ടാളും ഓറഞ്ച് തോട്ടത്തിലേക്ക് മെല്ലെ നടന്നു ശാന്തമായ അന്തരീക്ഷം, ചുറ്റും പലതരം കിളികളുടെ മധുരമൂറുന്ന സ്വരങ്ങൾ കേൾക്കാം. അരിച്ചിറങ്ങുന്ന തണുപ്പിനെ കൈയിലിരിക്കുന്ന ചൂട് ചായക്കപ്പിനാൽ പ്രതിരോധിക്കാനുള്ള പാഴ്ശ്രമം നടത്തിക്കൊണ്ട് നമ്മൾ മുമ്പോട്ട് നടന്നു.കണ്ണെത്താദൂരം നിറഞ്ഞുനിൽക്കുന്ന ഓറഞ്ച് തോട്ടത്തിനകത്ത് കൂടി നമ്മൾ ഇത്തിരിനേരം നടന്നു. ദൂരെ മനോഹരമായ മൺരൂപങ്ങൾ അതിനിടയിലൂടെ ഉദിച്ചുയരുന്ന സൂര്യനോടൊപ്പം സ്വർണ്ണനിറമാർന്നു നിൽക്കുന്നു. സൂര്യാസ്തമയങ്ങൾ എന്നുമെനിക്കേറെ പ്രിയപ്പെട്ടതാണ്. എങ്കിലും ഇത്രയേറെ ഭംഗിയുള്ളൊരു  സൂര്യോദയം ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന് എനിക്ക് തോന്നി, അത്ര മേൽ മനോഹാരിതയുണ്ട് ആ സ്ഥലത്തിന്.  നമ്മൾ ഓറഞ്ച് തോട്ടത്തിന് അകത്ത് നിന്നും ഇറങ്ങി   മൺ രൂപങ്ങൾക്കടുത്തേക്ക് നടന്നു. അൽ ഊല യാത്രയിലുടനീളം നമുക്ക് റോഡിനിരുവശവും ആയി ഈ മനോഹര രൂപങ്ങൾ കാണാമെങ്കിലും ഇത്രയും അടുത്തേക്ക് ചെന്നെത്താൻ പറ്റും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല. തികച്ചും ആളൊഴിഞ്ഞ ഒരു പ്രദേശം. നമ്മൾ ഒറ്റയ്ക്കാണ്, റൂമിൽ നിന്നും കുറച്ചധികം നടന്നിരിക്കുന്നു. എന്നാലും വല്ലാത്തൊരു ആവേശത്തിൽ നമ്മൾ അവിടേക്ക് നടന്നു എത്തുക തന്നെ ചെയ്തു. ഞാൻ തണുത്തുറഞ്ഞു നിൽക്കുന്ന അതിന്റെ ഭിത്തികളിലേക്ക് ചേർന്നുനിന്നു അതിന്റെ മനോഹാരിത ആവോളം ആസ്വദിച്ചു. ഞങ്ങളുടെ പേരുകളും വർഷവും അതിൽ കോറിയിട്ടു ഒരുപക്ഷേ കാലാന്തരങ്ങൾ ക്കപ്പുറം നമ്മളും ഈ മൺരൂപങ്ങളും മൺ മറഞ്ഞേക്കാം. എങ്കിലും വെറുതേ..


വീശിയടിക്കുന്ന കാറ്റിൽ അതിൽ നിന്നും അടർന്നു വീഴുന്ന മൺതരികൾ അതിനുചുറ്റും ഉണ്ട്. ഞാനെന്റെ ഷൂവും സോക്‌സും ഊരിയെടുത്ത് മണ്ണിലേക്ക് മെല്ലെ ചവിട്ടി മെത്ത പോലെ പതുപതുത്ത മണ്ണ് എന്റെ പാദങ്ങളെ പൊതിഞ്ഞു. ഒപ്പം മണ്ണിന്റെ തണുപ്പും. 
പറയാനറിയാഞ്ഞ എന്തോ ഒരു തരം വൈബ്രേഷൻ എന്റെ പാദങ്ങളിൽ നിന്നും ശരീരമാകെ പടർന്ന് സിരകളിലെത്തിയ പോലെ....ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോലെ അതിനു ചുറ്റും ഓടി നടന്നു. തണുത്ത മണ്ണ് കൈകളിൽ നിറച്ച് മുകളിലേക്ക് എറിഞ്ഞു.  അതിന്റെ ചരിഞ്ഞ പ്രതലത്തിലൂടെ മുകളിലേക്ക് കയറി ഇടയ്ക്ക് ചെറിയ ഫലകങ്ങൾ ഇരിപ്പിടങ്ങൾ പോലെ. ആര് ഒരുക്കി വെച്ചതാണ് ഇതൊക്കെ?! ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഏതോ മനോഹരമായ ഒരു ലോകത്ത് എത്തിയതു പോലെയാണ് എനിക്ക് തോന്നിയത് .  എന്റെ കാട്ടിക്കൂട്ടലുകൾ മുഴുവൻ നോക്കി ഇതൊക്കെ ഞാൻ എത്രയോ കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ചിലതൊക്കെ ക്യാമറയിൽ പകർത്തി അങ്ങനെ നിൽക്കുന്നു എന്റെ ഇക്ക.  
ഞാൻ പറഞ്ഞു നമുക്ക് ഇന്ന് 'മദൈൻ സ്വാലിഹിലേക്ക് ' പോകണ്ട. എന്തായാലും ഉച്ച കഴിഞ്ഞില്ലേ റൂം വെക്കേറ്റ് ചെയ്യുന്നുള്ളൂ നമുക്ക് റൂമിലേക്ക് പോയി മക്കളെയും കൂട്ടി വരാം അവർക്ക് ഇവിടെ ഇഷ്ടമാകും നമുക്ക് ഇന്ന് ഇവിടെ തന്നെ നിൽക്കാം . ഇക്ക ഓക്കെ പറഞ്ഞു കുറേ നേരം കൂടി അവിടെ നിന്ന് അതിനുശേഷം നമ്മൾ റൂമിലേക്ക് മടങ്ങിപ്പോയി, ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞു. പിന്നെ എല്ലാവരുമായി തിരികെ വന്നു.  മൺഭിത്തികളിലേക്ക് ഉള്ള കയറ്റിറക്കങ്ങളും മണ്ണിൽ കളിയും, സ്ലൈഡിങ്ങും ഒക്കെയായി മണ്ണിന്റെ മടിയിലേറെ നേരം നമ്മൾ മക്കളൊന്നിച്ചു കളിച്ചു. ഞാൻ പറഞ്ഞതുപോലെ തന്നെ മക്കളും അവിടം ആവോളം ആസ്വദിച്ചു .  പിന്നെ റൂമിലേക്ക് മടങ്ങി ഫ്രഷായി റൂം വെക്കേറ്റ് ചെയ്തു ഫുഡും കഴിച്ച് മനസ്സില്ലാമനസ്സോടെ അൽ ഊലയോട് വിടപറഞ്ഞു.  മനോഹരമായ മണൽ രൂപങ്ങൾക്കും നക്ഷത്രങ്ങൾ താഴേക്കിറങ്ങി നിൽക്കുന്ന ആകാശങ്ങൾക്കുമപ്പുറം കാണാക്കാഴ്ചകളേറെയും ബാക്കിയാക്കി നമ്മൾ മടങ്ങി.  മടങ്ങുന്ന വഴി ഞാൻ കാറിന്റെ പിറകിലെ ലോങ് സീറ്റിൽ ആകാശം നോക്കി കിടന്നു.  അൽഊലയുടെ ആകാശം നക്ഷത്രങ്ങളെയും നിറച്ചിത്തിരി നേരം എന്നെ അനുഗമിച്ചു. പിന്നെ എങ്ങോട്ടോ മറഞ്ഞു. 
സൗദി ടൂറിസത്തിന്റെ നേതൃത്വത്തിൽ 'നിയോം' എന്ന പേരിൽ ഒരു വമ്പൻ പ്രൊജക്റ്റിനാണ് ഈ സ്ഥലം ലക്ഷ്യമിട്ട് തുടക്കം കുറിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ആകാശവും മണ്ണും അലകടലും ചേർന്നൊരുക്കുന്ന  അറേബ്യൻ മണ്ണിന്റെ അതിശയിപ്പിക്കുന്ന കാണാക്കാഴ്ചകൾ ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. 

(ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളധ്യാപികയാണ് ലേഖിക)

Latest News