വാഷിംഗ്ടൺ- എക്കാലത്തും പിന്തുണച്ചിരുന്ന ഹിസ്പാനിക്ക് വോട്ടർമാരും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൈവിടുന്നതായി സർവേ റിപ്പോർട്ടുകൾ. അടുത്ത കാലത്ത് നിരവധി അഭിപ്രായ വോട്ടെടുപ്പുകളിൽ ബൈഡൻ ജനസമ്മതിയിൽ പിറകോട്ട് പോയിരുന്നു.
ഈ ആഴ്ച പ്രസിദ്ധീകരിച്ച ക്വിന്നിപിയാക് യൂണിവേഴ്സിറ്റി വോട്ടെടുപ്പിൽ അഭിപ്രായ സർവേയിൽ പങ്കെടുത്ത ഹിസ്പാനിക് വോട്ടർമാരിൽ കേവലം 26 ശതമാനം പേർ മാത്രമാണ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡന്റെ പ്രകടനത്തെ അംഗീകരിച്ചിരിക്കുന്നത്. ഹിസ്പാനിക് വോട്ടർമാർക്കിടയിലെ പിന്തുണയിൽ ഗണ്യമായ കുറവുണ്ടായത് ബൈഡനും ഡെമോക്രാറ്റുകൾക്കും ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുന്നത് പ്രതിസന്ധിയിലാക്കും.
2020ൽ ബൈഡനെ പിന്തുണച്ചിരുന്ന ടെക്‌സസ്, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളും അരിസോണ, ജോർജിയ തുടങ്ങിയ പ്രധാന വിജയ ബ്ലോക്കുകളും നിലവിൽ അദ്ദേഹത്തിന് നല്കിയ പിന്തുണയിൽ കുറവു പ്രകടിപ്പിക്കുന്നത് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ ഫലം നേരിട്ട് അദ്ദേഹത്തെ ബാധിക്കില്ലെങ്കിലും ഡെമോക്രാറ്റിക്ക് വോട്ടർമാർ പിന്തുണക്കുന്നത് കുറയും.
ഏപ്രിൽ 13ന് പ്രസിദ്ധീകരിച്ച ക്വിന്നിപിയാക് വോട്ടെടുപ്പ് ബൈഡന്റെ അംഗീകാര റേറ്റിംഗ് ഏറ്റവും താഴ്ന്ന പോയിന്റായ 33 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ വോട്ടെടുപ്പിൽ ഹിസ്പാനിക് വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന്റെ അംഗീകാരം 26 ശതമാനമെന്ന അതിലും കുറവ് സംഖ്യയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.