പാകിസ്താനിലെ ആള്‍ക്കൂട്ട കൊലപാതകം; ആറുപേര്‍ക്ക് വധശിക്ഷയും ഒന്‍പത് പേര്‍ക്ക് ജീവപര്യന്തവും

ലാഹോര്‍- മതനിന്ദ നടത്തിയെന്നാരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്ക് വധശിക്ഷയും ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം തടവും 72 പേര്‍ക്ക് രണ്ടു വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു. പ്രതികളില്‍ ഒന്‍പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പഞ്ചാബ് പ്രവിശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.  
ശ്രീലങ്കന്‍ പൗരനായ പ്രിയന്ത് കുമാരയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കായിക വസ്ത്ര നിര്‍മാണ ഫാക്ടറിയായ രാജ്‌കോ ഇന്‍ഡസ്ട്രീസിലെ ജനറല്‍ മാനേജരായിരുന്നു പ്രിയന്ത്. 2021 ഡിസംബര്‍ മൂന്നിനാണ് തെഹ്‌രികെ ലബ്ബൈയ്ക്ക് പാര്‍ട്ടിയിലെ എണ്ണൂറോളം പ്രവര്‍ത്തകര്‍ ദൈവനിന്ദ ആരോപിച്ച് ഫാക്ടറിക്കു നേരെ ആക്രമണം നടത്തിയത്. ഫാക്ടറിയിലെ ഇന്‍സ്‌പെക്ഷനിടെ ഇസ്ലാമിക വചനങ്ങളുള്ള തെഹ്രികെ ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണവും കൊലപാതകവും നടത്തിയത്.
സംഭവത്തില്‍ ഇരുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും നൂറോളം പേര്‍ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് കോടതി വെറുതെ വിടുകയായിരുന്നു. ജനറല്‍ മാനേജരെ ഫാക്ടറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ക്ക് മുഴുവന്‍ വധശിക്ഷ നല്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

 

Latest News