ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കേന്ദ്ര, സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടേയും നയങ്ങള്‍ സ്ത്രീകള്‍ക്ക് വലിയ ദുരിതങ്ങളാണ് സമ്മാനിച്ചതെങ്കിലും സ്ത്രീകള്‍ ഇപ്പോഴും മോഡിക്കും ബി.ജെ.പിക്കും പിന്നാലെ തന്നെ.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി നേതാക്കള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബലാത്സംഗ കേസുകള്‍ മോശമായി കൈകാര്യം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയുടെ ചില സംസ്ഥാന സര്‍ക്കാരുകള്‍ ആഗോളതലത്തില്‍തന്നെ വിവാദം സൃഷ്ടിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമത്തിനെതിരെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സ്ത്രീകള്‍ തന്നെ. ഇതൊക്കെയാണെങ്കിലും യു.പി ഉള്‍പ്പെടെ അടുത്തിടെ നടന്ന പ്രധാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ ദശലക്ഷക്കണക്കിന് സ്ത്രീകളാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ,പിക്ക് വോട്ട് ചെയ്തത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്ന് അടുത്തിടെ നടന്ന രണ്ട് പഠനങ്ങള്‍ പറയുന്നതും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പൊതു തെരഞ്ഞെടുപ്പുകളില്‍ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി തുടങ്ങിയ 1962 മുതല്‍ എല്ലായിപ്പോഴും ഭൂരിഭാഗം സ്ത്രീകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തിരുന്നത്. എന്നാല്‍ 2019ല്‍ ആദ്യമായി ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടുകള്‍ നേടിയ പാര്‍ട്ടിയായി ബി.ജെ.പി മാറി.
ബി.ജെ.പി സ്ത്രീകളെ ആകര്‍ഷിച്ചു തുടങ്ങിയത് പെട്ടെന്നല്ലെന്നും മോഡി ഒരു പ്രധാന ഘടകമാണെന്നും ദല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)യിലെ സഞ്ജയ് കുമാര്‍ പറഞ്ഞു.
1980 ല്‍ വനിതാ വിഭാഗം രൂപീകരിച്ചതോടെയാണ് പാര്‍ട്ടി സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയതെന്ന് ഗവേഷകനും എഴുത്തുകാരനുമായ നളിന്‍ മേത്ത പറയുന്നു. അന്ന് ബി.ജെ.പിക്ക് ഉണ്ടായിരുന്ന കരുത്തരായ വനിതാ നേതാക്കള്‍ സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളില്‍ കാര്യമായ വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ പിന്നീട് പതിറ്റാണ്ടുകളായി അധികം സ്ത്രീകളും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. പുരുഷാധിപത്യ പാര്‍ട്ടിയായി തന്നെയാണ് കരുതപ്പെട്ടിരുന്നത്.
2019ല്‍ ദേശീയ തലത്തില്‍ സംഭവിച്ച വലിയ മാറ്റത്തിന്റെ തുടക്കം 2007ല്‍ ഗുജറത്താല്‍ മോഡി രണ്ടാമൂഴത്തിനു ശ്രമിച്ചതോടെയാണെന്ന് അദ്ദേഹം പറയുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ കരുത്ത് കാണിക്കാന്‍ ആളുകള്‍ പറയാറുള്ള പൊങ്ങച്ചമായ നെഞ്ചളവ് കരുത്തുറ്റ ദേശീയതക്ക് തന്റെ 56 ഇഞ്ച് നെഞ്ചളവ് എന്ന പദങ്ങളിലൂടെ മോഡി സ്വന്തമാക്കി.
മോഡി നെഞ്ചളവിന്റെ കാര്യം പരാമര്‍ശിക്കുമ്പോഴെല്ലാം, സദസ്സ് പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ ഇരിക്കുന്ന ഭാഗം ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടിരുന്നതെന്ന് ബി.ജെ.പിയുടെ സ്ത്രീ പിന്തുണയെ കുറിച്ച് ഗവേഷണം നടത്തിയ നളിന്‍ മേത്ത പറയുന്നു. പലപ്പോഴും മോഡിയുടെ റാലികളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് പങ്കെടുത്തിരുന്നത്. ഞാന്‍ നിങ്ങളുടെ സഹോദരനാണ്, ഞാന്‍ നിങ്ങളുടെ മകനാണ്, എനിക്ക് വോട്ട് ചെയ്യുക, ഞാന്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും തുടങ്ങിയ മോഡിയുടെ വാഗ്ദാനങ്ങള്‍ സ്ത്രീകളെ ആകര്‍ഷിച്ചു.
കാര്യങ്ങള്‍ ശരിയാക്കുന്ന ഒരു പുരുഷന്റെ ചിത്രവും വികസന തന്ത്രങ്ങളും സംയോജിപ്പിച്ച് നടത്തിയ ശ്രമങ്ങളാണ് 2007 ലും 2012 ലും ഗുജറാത്തില്‍ വിജയിക്കാന്‍ മോഡിയെ സഹായിച്ചത്.
ഈ തന്ത്രം ഏറ്റവും പൂര്‍ണതയിലെത്തിച്ചാണ് 2014ലെ പൊതതെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചത്.
പ്രധാനമന്ത്രിയെന്ന നിലയില്‍, പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പ് റാലികളിലും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പതിവായി സംസാരിക്കുന്ന മാറ്റത്തിന്റെ ഉത്തേജകമായി മോഡി മാറി . 2014 മുതല്‍ 2019 വരെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ സ്ത്രീകളാണ് കൂടുതല്‍ ഇടം നേടിയത്.
എന്നാല്‍ മോഡിയുടെ കരിഷ്മ ഉപയോഗിക്കുന്നതിനു പുറമേ, രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് ബി.ജെ.പി കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നുമുണ്ട്.
2019 മറ്റു പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി മത്സരിപ്പിച്ചു. മുന്‍ സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ വനിതാ മന്ത്രിമാരെ നിയമിച്ചു. ഗ്രാമീണ, ദരിദ്ര പശ്ചാത്തലങ്ങളില്‍ നിന്നുള്ള കൂടുതല്‍ സ്ത്രീകള്‍ക്ക് അനുയോജ്യമാക്കുന്നതിന് സാമൂഹിക അടിത്തറ വിപുലീകരിച്ചു.
ബിജെപിയുടെ വനിതാ അനുഭാവികളില്‍ നല്ലൊരു പങ്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളില്‍ നിന്നുമുള്ളവരായതിനാല്‍, പാര്‍ട്ടിയുടെ ക്ഷേമപദ്ധതികള്‍ പ്രധാനമായും അവരെ ലക്ഷ്യം വെച്ചുള്ളതാണെന്നും നളിന്‍ മേത്ത പറയുന്നു.
2014 നും 2019 നും ഇടയില്‍ അനുവദിച്ച 1.7 ദശലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്കുള്ള വീടുകളില്‍ 68 ശതമാനം സ്ത്രീകളുടെ പേരിലോ പുരുഷന്മാര്‍ക്കൊപ്പം കൂട്ടായോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മ്മിക്കുകയും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുകയും ചെയ്തു. ഇതുവഴി പെന്‍ഷനുകളും സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ലഭിക്കുന്നതിന് സൗകര്യമൊരുക്കി.
തൊട്ടില്‍ മുതല്‍ ശവക്കുഴി വരെ സ്ത്രീകളെ പരിപാലിക്കുന്ന ക്ഷേമ ശൃംഖല സൃഷ്ടിക്കുമെന്നാണ് മോഡിയുടെ വാഗ്ദാനം. ഇതൊക്കെ കാരണം ധാരാളം സ്ത്രീ വോട്ടര്‍മാര്‍ ഇപ്പോഴും ബി.ജെ.പിയെ മറ്റു പാര്‍ട്ടികളേക്കാള്‍ മികച്ചതായി കാണുന്നു.
അതേസമയം, ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച് നീങ്ങുന്ന പാര്‍ട്ടിക്ക് ലഭിക്കുന്ന ഈ പിന്തുണക്ക് അല്‍പായുസ്സേ ഉള്ളൂവെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകയും അശോക യൂണിവേഴ്‌സിറ്റിയിലെ മീഡിയ സ്റ്റഡീസ് മേധാവിയുമായ മായ മിര്‍ച്ചന്ദാനി പറയുന്നത്.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കുകയും ഇന്ധന വില നിരന്തരം ഉയരുകയും ചെയ്യുന്ന വേളയില്‍ മോഡിയുടെ അനുയായികളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് മത സ്വത്വ രാഷ്ട്രീയമാണെന്ന് അവര്‍ പറയുന്നു. വര്‍ഗീയ അക്രമങ്ങള്‍ കൈവിട്ടുപോകുകയും സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ വീട് ഭരിക്കുന്ന സ്ത്രീകള്‍ തന്നെയായിരിക്കും മോഡിക്കെതിരെ തിരിയുകയെന്നും അവര്‍ പറഞ്ഞു.






