തിരുവനന്തപുരം- സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന ചിത്രശലഭത്തെയും പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി വനദേവതയെയോ ബുദ്ധമയൂരിയേയോ പ്രഖ്യാപിക്കണമെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം.
കഴിഞ്ഞ ജനുവരിയിൽ ആറളത്തു നടന്ന ചിത്രശലഭ പഠന ക്യാമ്പിൽ ഇവയുടെ പേരുകളാണ് ഉയർന്ന് വന്നത്. വനദേവതയെ മലബാർ ട്രിനിംഫ് എന്നാണ് വിളിക്കുന്നത്. ബുദ്ധമയൂരിയെ ബുദ്ധപീകോക്ക് എന്നും വിളിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത വന്യജീവി ഉപദേശകസമിതി യോഗത്തിൽ ഔദ്യോഗിക ശലഭത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമുള്ള വലിയ ചിത്രശലഭമാണ് വനദേവത. കറുപ്പിന്റെയും വെളുപ്പിന്റെയും അഴകുള്ള ഈ ശലഭം മന്ദം മന്ദമാണ് പറക്കുക. കേരളത്തിലെ വനമേഖലയിൽ കാണപ്പെടുന്ന ഇവക്ക് എന്തുകൊണ്ടും സംസ്ഥാന ചിത്രശലഭമായിരിക്കാൻ യോഗ്യതയുണ്ടെന്ന് റൈറ്റേഴ്‌സ് ആന്റ് നേച്ചർ ലവേഴ്‌സ് പ്രവർത്തകനായ രവീന്ദ്രനാഥൻ നായർ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന മറ്റൊരു ജാതി ചിത്രശലഭമാണ് ബുദ്ധമയൂരി. നീലയുടെയും പച്ചയുടെയും സൗകുമാര്യമുള്ള ശലഭമാണിത്. കടലും കാടും സംയോജിച്ചാലുണ്ടാകുന്ന മനോഹാരിത ഇവയ്ക്ക് അവകാശപ്പെടാം. വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. സംസ്ഥാന ചിത്രശലഭമായിരിക്കാൻ ആർക്കാണ് കൂടുതൽ യോഗ്യതയെന്ന് സർക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്.
ചിത്രശലഭ നിരീക്ഷണം പക്ഷി നിരീക്ഷണം പോലെതന്നെ ജനകീയമായൊരു ശാസ്ത്രശാഖയായി വളരുന്നുണ്ട്. സംസ്ഥാന പക്ഷിയായി മലമുഴക്കി വേഴാമ്പലിനെയും മത്സ്യമായി കരിമീനിനേയും വൃക്ഷമായി തെങ്ങിനെയും മൃഗമായി ആനയേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ചിത്രശലഭത്തെ സർക്കാർ പ്രഖ്യാപിക്കുന്നത് ചിത്രശലഭ സംരക്ഷണത്തിന് ആക്കം കൂട്ടുമെന്നാണ് പ്രകൃതി സ്‌നേഹികൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഏതാണ്ട് അഞ്ഞൂറോളം ജാതി ചിത്രശലഭങ്ങളുണ്ടെന്നാണ് കണക്ക്.