കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം നല്‍കിത്തുടങ്ങി

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം. മുടങ്ങിയ  ശമ്പളം നല്‍കിത്തുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തി. ഈ പണം ഉപയോഗിച്ച് ശമ്പളം വിതരണം ചെയ്തു തുടങ്ങും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് മുന്‍ഗണന.

ഓവര്‍ ഡ്രാഫ്റ്റായി 45 കോടിരൂപ കൂടി എസ്.ബി.ഐയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. നേരത്തെ അഞ്ചു കോടിരൂപ എടുത്തിരുന്നു. ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി എടുത്ത അന്‍പതു കോടി രൂപയും ഇന്നെത്തിയ പണവും ഉപയോഗിച്ച് നാളെ കൊണ്ടുതന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളവിതരണം സാധ്യമാകും.

വിഷു, ഈസ്റ്റര്‍ ദിനങ്ങള്‍ കഴിഞ്ഞിട്ടും മാര്‍ച്ചിലെ ശമ്പളം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം അടുത്തമാസത്തെ ശമ്പളവിതരണത്തെ കുറിച്ച ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി,
അടുത്തമാസം അഞ്ചാം തീയതിക്ക് ശേഷമാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന ടി.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News