Sorry, you need to enable JavaScript to visit this website.

നീരവിന്റെ ഫ്‌ളാറ്റില്‍നിന്ന് ലഭിച്ച ഒരു മോതിരത്തിന്റെ വില 10 കോടി 

മുംബൈ- പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 12,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പുനടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ മുംബൈയിലെ അപാര്‍ട്‌മെന്റില്‍നിന്ന് 26 കോടിയുടെ ആഭരണങ്ങളും വാച്ചുകളും പിടിച്ചു.  
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടത്തിയ പരിശോധനയിലാണ് പരമ്പരാഗത ആഭരണങ്ങളും വിലകൂടിയ വാച്ചുകളും അമൃത ഷെര്‍-ഗില്‍, എം.എഫ്.ഹുസൈന്‍ എന്നിവരുടെ പെയിന്റിംഗുകളും കണ്ടെടുത്തത്. മുംബൈ വൊര്‍ളി പ്രദേശത്തെ നീരവ് മോഡിയുടെ സമുദ്ര മഹല്‍ ലക്ഷ്വറി റഡിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകളില്‍  എന്‍ഫോഴ്‌സ്‌മെന്റും  സി.ബി.ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതുതായ വിലപിടിപ്പുള്ള വസ്തുക്കള്‍ ലഭിച്ചത്. 
പരമ്പരാഗത ആഭരണങ്ങള്‍ക്ക് 15 കോടിയും വാച്ചുകള്‍ക്ക് 1.4 കോടിയും എം.എഫ്. ഹുസൈന്‍, അമൃത ഷെര്‍-ഗില്‍, കെ.കെ. ഹെബ്ബര്‍ എന്നിവരുടെ പെയിന്റിങ്ങുകള്‍ക്ക് 10 കോടിയുമാണു വില കണക്കുന്നത്. ഈ മാസം 22 മുതല്‍  മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത്.  പിടിച്ചെടുത്തവയില്‍ 10 കോടി വിലമതിക്കുന്ന വജ്ര മോതിരവും ഉള്‍പ്പെടുന്നു. പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
പി.എന്‍.ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നീരവ് മോഡിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരെ രണ്ടു പണം വെളുപ്പിക്കല്‍ കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഫയല്‍ ചെയ്തിരിക്കുന്നത്. 
തട്ടിപ്പുനടത്തി രാജ്യംവിട്ട ഇരുവരെയും അറസ്റ്റു ചെയ്തു നല്‍കുന്നതിന് ആഗോള അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം സമന്‍സയച്ചിട്ടും ഇരുവരും ഹാജരാകാത്തതിനെ തുടര്‍ന്നാണിത്. എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നീരവിനും ചോക്‌സിക്കുമെതിരെ മുംബൈ പ്രത്യേകകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. തട്ടിപ്പ് പുറത്തുവവന്നതിനുശേഷം ഫെബ്രുവരിയില്‍ മാത്രം നീരവിന്റേയും അമ്മാവന്റേയും  സ്ഥാപനങ്ങളില്‍ 251 പരിശോധനകളാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയത്. വജ്രം, സ്വര്‍ണം, മരതക കല്ലുകള്‍, സ്ഥലങ്ങള്‍, മറ്റു വസ്തുക്കള്‍ അടക്കം 7638 കോടി രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്.

Latest News