ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി:മുന്‍കൂര്‍ അനുമതി തേടണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ- ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ കര്‍ശന നിലപാടുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ആഭ്യന്തരമന്ത്രി ദിലിപ് വല്‍സേ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എല്ലാ പോലീസ് കമ്മീഷണര്‍മാര്‍ക്കും വിഷയത്തില്‍ നിര്‍ദേശം നല്‍കും. നാസികില്‍ കഴിഞ്ഞ ദിവസം തന്നെ എല്ലാ ആരാധനാലയങ്ങളും ഉച്ചഭാഷിണികള്‍ക്കായി അനുമതി എടുക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മെയ് മൂന്ന് ആണ് ആരാധനാലയങ്ങള്‍ക്ക് അനുമതി എടുക്കാനുള്ള അവസാന തിയതി. അതിന് ശേഷം അനുമതിയില്ലാത്ത ഉച്ചഭാഷിണികള്‍ പോലീസ് നീക്കം ചെയ്യും. അനുമതി നല്‍കിയിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദത്തില്‍ എവിടെയെങ്കിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കും.

 

Latest News