Sorry, you need to enable JavaScript to visit this website.

കോവിഡ് കണക്കുകള്‍ എല്ലാ ദിവസവും പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് പ്രതിദിന കണക്കുകള്‍ എല്ലാ ദിവസവും പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളം കൃത്യമായി കണക്കുകള്‍ നല്‍കാത്തത് ആകെ കണക്കിനെ ബാധിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി.  കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെയാണ് ദിനംപ്രതി ഉള്ള കണക്കുകള്‍ പുറത്തുവിടുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയത്. ഇത് പുനരാരംഭിക്കാന്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കത്ത് അയച്ചത്.

പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തത് രാജ്യത്തെ ആകെ കണക്കുകളെ ബാധിക്കുന്നുവെന്നും ആയതിനാല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും ലവ് അഗര്‍വാള്‍ പറയുന്നു. ഏപ്രില്‍13 നു ശേഷം 18 നാണ് കേരളം കണക്ക് പുറത്തുവിട്ടത്. 13 ന് 298 കേസുകള്‍ ആണ് ഉണ്ടായിരുന്നത്. 18 ന് അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ചാക്കി 940 എന്നനിലയിലാണ് പ്രസിദ്ധീകരിച്ചത്.

 

Latest News