അസമിൽ പന്ത്രണ്ടുകാരിയെ സഹപാഠികൾ  കൂട്ടബലാൽസംഗം ചെയ്തു ജീവനോടെ ചുട്ടു കൊന്നു

ഗുവാഹത്തി- അസമിലെ നാഗാവ് ജില്ലയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം സഹപാഠികൾ ജിവനോടെ ചുട്ടു കൊന്നു. വെള്ളിയാഴ്ചയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. ആക്രമിക്കപ്പെട്ട പെൺകുട്ടിയെ ഗുവാഹത്തി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ സഹപാഠികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാം പ്രതി ഒളിവിലാണ്.
ലാലുങ്കാവിലെ വീട്ടിൽ ഒറ്റയ്ക്കായ സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചെത്തി പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. ശേഷം മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നെന്ന് നാഗാവ് ജില്ലാ പോലീസ് മേധാവി ശങ്കർ റായ്‌മേധി പറഞ്ഞു. പോലീസ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിയ പ്രതിക്കു വേണ്ടി പോലീസ് തിരച്ചിൽ നടത്തി വരികയാണ്.

Latest News