റിയാദ് - റഷ്യ, ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസ്ഥാമം തടയാന്‍ ശ്രമിച്ച് സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള നിത്യോപയോഗ വസ്തുക്കളുടെ ഇറക്കുമതിക്കും പ്രാദേശിക വിപണിയില്‍ വില നിയന്ത്രിക്കാനും പുതിയ വിപണികള്‍ തുറന്നതായി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചു. സൗദിയില്‍ ഭക്ഷ്യസുരക്ഷ സാക്ഷാല്‍ക്കരിക്കാനും മറ്റു ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ പിന്തുണ നല്‍കുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ ശേഖരം നിലനിര്‍ത്താന്‍ സ്വകാര്യ മേഖലാ ഇറക്കുമതിക്കാര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ ആവശ്യമായ പിന്തുണകള്‍ നല്‍കുന്നുണ്ട്.
റഷ്യ, ഉക്രൈന്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ സംഘര്‍ഷം പ്രാദേശിക വിപണിയിലും ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിതരണത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പ്രതിസന്ധി മൂലം പ്രാദേശിക വിപണി നേരിടുന്ന വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ചും സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ഇവ വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തു ലഭ്യത ഉറപ്പുവരുത്തുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ മറ്റു രാജ്യങ്ങളിലെ വ്യവസായികളുമായും ഏകോപനം നടത്തിയിട്ടുണ്ട്.






