മെഡിക്കല്‍ എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലാക്കിയതില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഒഴിഞ്ഞുകിടന്ന എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍, പ്രവേശന പരീക്ഷ കമ്മീഷണര്‍, ഫീസ് നിര്‍ണ്ണയ സമിതി എന്നിവര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. മോപ് അപ് കൗണ്‍സിലിംഗിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരേ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളും 38 എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അല്‍ അസ്്ഹര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നീ കോളേജുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയത് ശരിവെച്ച ഹൈക്കോടതി, മറ്റ് ചില കോളേജുകളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്ന് കോളേജുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും വാദിച്ചു.

ആദ്യവട്ട കൗണ്‍സിലിംഗിന് ശേഷം യോഗ്യരായ എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണര്‍ മാറ്റിയത്.

 

Latest News