ന്യൂദൽഹി- ദൽഹിയിൽനിന്നും ജർമനിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരന് വെജിറ്റേറിയൻ ഭക്ഷണത്തിനു പകരം നോൺ വെജിറ്റേറിയൻ ഭക്ഷണം മാറി നൽകിയ എയർഹോസ്റ്റസിനെ സുപ്പർവൈസറായ ജീവനക്കാരി അടിച്ചതായി പരാതി. മാർച്ച് 17നു നടന്ന സംഭവത്തിൽ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തിവരുന്നതായി കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാരൻ ആവശ്യപ്പെട്ടത് വെജിറ്റേറിയൻ ഭക്ഷണമായിരുന്നു. എന്നാൽ എയർ ഹോസ്റ്റസ് അബദ്ധത്തിലാണ് മാറി നോൺ വെജ് വിഭവം വിളമ്പിയത്. ഇതു യാത്രക്കാരൻ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ മാറ്റി നൽകുകയും ചെയ്തു. എയർഹോസ്റ്റസ് യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് യാത്രക്കാരൻ പരാതിപ്പെട്ടതുമില്ല.
എന്നാൽ പിന്നീട് ക്യാബിൻ ക്രൂ സൂപ്പർവൈസർ ഇതൊരു വിഷയമാക്കിയെടുക്കുകയും തന്റെ കീഴിലുള്ള എയർഹോസറ്റസിനെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. ജൂനിയറായ എയർഹോസ്റ്റസ് സംഭവത്തെ തുടർന്ന് എയർഇന്ത്യ ഇൻഫ്‌ളൈറ്റ് വകുപ്പിനു പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതായും അന്വേഷണം നടത്തി വരികയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.






