Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർഷക കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂദൽഹി-  ലഖിംപൂർഖേരി കർഷക കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കകം കീഴടങ്ങണം. അപ്രധാനമായ വസ്തുതകൾ പരിഗണിച്ചുക്കൊണ്ട് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിലൂടെ അലഹബാദ് ഹൈക്കോടതി തെറ്റ് വരുത്തിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യവിഷയത്തിൽ അലഹബാദ് ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണം. ജാമ്യ ഹർജികളിൽ അടക്കം നടപടികളിൽ ഇരകൾക്ക് പരിധിയില്ലാത്ത അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.
അലഹബാദ് ഹൈക്കോടതി വരുത്തിയ തെറ്റുകൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് എടുത്തുപറഞ്ഞു. അപ്രധാനമായ വസ്തുതകൾ പരിഗണിച്ചായിരുന്നു ജാമ്യം. എഫ്.ഐ.ആറിനെ പരമമായ സത്യമായി കണ്ടു. ഇരകൾക്ക് തങ്ങളുടെ ഭാഗം പറയാനും, ജാമ്യാപേക്ഷയെ എതിർക്കാനുമുള്ള അവസരം നിഷേധിച്ചു. അതിനാൽ, അലഹബാദ് ഹൈക്കോടതി ഇരകളുടെ വാദം കേട്ടും, പ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും ജാമ്യവിഷയത്തിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തിനെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നില്ല.

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തർപ്രദേശ് സർക്കാർ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ അവതരിപ്പിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. ജുഡീഷ്യറിയിൽ വിശ്വാസമെന്നും, കർഷകർക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കർഷക നേതാവ് യുപിയിലെ മുസാഫർനഗറിൽ പറഞ്ഞു.

Latest News