Sorry, you need to enable JavaScript to visit this website.

സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; പ്രതിഷേധിച്ച് മുസ്‌ലിം ലോകം

റിയാദ് - സ്വീഡനിൽ തീവ്രവാദി രാഷ്ട്രീയ നേതാവ് വിശുദ്ധ ഖുർആൻ കോപ്പി അഗ്നിക്കിരയാക്കുകയും കൂടുതൽ മുസ്ഹഫ് കോപ്പികൾ കത്തിക്കാനുള്ള പദ്ധതി തീവ്രവലതുപക്ഷ കക്ഷിപ്രഖ്യാപിക്കുകയും ചെയ്തതിൽ മുസ്‌ലിം ലോകത്ത് കടുത്ത പ്രതിഷേധം പുകയുന്നു. സ്വീഡനിൽ ചില തീവ്രവാദികൾ വിശുദ്ധ ഖുർആനെ കരുതിക്കൂട്ടി അപകീർത്തിപ്പെടുത്തിയതിനെയും മുസ്‌ലിംകൾക്കെതിരായ പ്രകോപനങ്ങളെയും അക്രമ പ്രേരണകളെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംവാദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണതയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷം, തീവ്രവാദം, ബഹിഷ്‌കരണം എന്നിവ നിരാകരിക്കാനും മുഴുവൻ മതങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും എതിരായ അപകീർത്തികൾ തടയാനും ശ്രമം ഊർജിതമാക്കേണ്ടത് ഏറെ പ്രധാനമാണെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഖത്തറും ഇറാഖും മറ്റു മുസ്‌ലിം രാജ്യങ്ങളും സംഭവത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. 
സംഭവത്തെ മുസ്‌ലിം വേൾഡ് ലീഗും അപലപിച്ചു. വിദ്വേഷം ഇളക്കിവിടുന്ന പ്രവർത്തനങ്ങളും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതും അത്യന്തം അപകടകരമാണ്. ഇത് സമൂഹത്തിൽ ശത്രുതയും ചേരിതിരിവും ശക്തമാക്കും. ഇത് സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അതിന്റെ മാനുഷിക ആശയങ്ങളെയും വ്രണപ്പെടുത്തുകയും ചെയ്യും. ഇത്തരം പ്രവൃത്തികൾ എതിർ തീവ്രവാദത്തിന്റെ അജണ്ടകൾക്കു മാത്രമാണ് പ്രയോജനം ചെയ്യുക. 
തീവ്രവാദത്തിനു മുന്നിൽ വഴിയടക്കാൻ, സ്വീഡനിലും ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്ന ഉന്നതമായ ഇസ്‌ലാമിക സമീപനം പാലിക്കണമെന്ന് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസിം സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അൽഈസ ആവശ്യപ്പെട്ടു.
 

Latest News