ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ചൈനീസ് മൂന്നംഗ സംഘം തിരികെയെത്തി

ബീജിങ്- ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മൂന്നു ചൈനീസ് യാത്രികര്‍ തിരിച്ചെത്തി. ചൈനീസ് ബഹിരാകാശ നിലയമായ ടിയാന്‍ഹെയില്‍ 183 ദിവസം തമ്പടിച്ച ശേഷമാണ് മൂവരും തിരികെയെത്തിയത്. ബഹിരാകാശ ദൗത്യത്തില്‍ അമേരിക്കയുടെ മുഖ്യ എതിരാളിയാകാനുള്ള ശ്രമത്തിലാണ് ചൈന.
വാങ് യാപിങ്, ഷായ് ജിഗാങ്, യി ഗുവാങ്ഫു എന്നിങ്ങനെ രണ്ട് പുരുഷന്മാരും ഒരു വനിതയും അടങ്ങുന്ന സംഘത്തെ വഹിച്ച് ഷെന്‍ഷോവ്- 13 പേടകം തിരികെ ബീജിങിലെത്തിയത്. ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത ആദ്യ ചൈനീസ് വനിതയെന്ന നേട്ടം 42കാരിയായ വാങ് യാപിങ് സ്വന്തമാക്കി.
ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ ഒക്ടോബറില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നിലയത്തിന്റെ പ്രധാന ഭാഗമായ ടിയാങ് കോര്‍ മോഡ്യൂളിലാണ് ആറ് മാസം ചെലവഴിച്ചത്. 2008-ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഷെന്‍ഷോവ്-13ന്റെ മിഷന്‍ കമാന്‍ഡറും മുന്‍ യുദ്ധവിമാന പൈലറ്റുമായ ഷായ് ജിഗാങ്. യി ഗുവാങ്ഫു ലിബറേഷന്‍ ആര്‍മിയുടെ പൈലറ്റാണ്.

Latest News