കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ബി.ജെ.പി എം പി വരുണ്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്ത് ഒന്നരക്കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന കുറ്റപ്പെടുത്തലുമായാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
ആര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ലെന്നും വാഗ്ദാനം ചെയ്ത രണ്ടു കോടി ജോലികള്‍ നല്‍കിയില്ലെന്നും കര്‍ഷകന്റെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ലെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് വരുന്ന തൊഴിലില്ലാത്തവര്‍ക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞതായി ബി ജെ പി വക്താവ് എം ആര്‍ മാലിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണ് തങ്ങളുടെ പോരാട്ടമെന്നും തുല്യമായ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധ്യമാണെന്നും പ്ര്സ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും ഇവിടെ സ്വപ്നങ്ങള്‍ വലുതും വിഭവങ്ങള്‍ പരിമിതവുമാണെന്നും സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍ തൊഴിലവസരങ്ങളും പരിമിതമാകുകയും തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയും ചെയ്യുമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണമാണ് രാഷ്ട്രീയമെന്നും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ പോരാട്ടമെന്നും പറഞ്ഞ വരുണ്‍ ഗാന്ധി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ സ്പര്‍ധ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവി പ്രസംഗങ്ങള്‍ കൊണ്ടോ തെരഞ്ഞെടുപ്പില്‍ ജയിച്ച് തോല്‍ക്കുന്നതിലൂടെയോ അല്ലെന്നും രാജ്യത്തിനായുള്ള യഥാര്‍ഥ സേവനത്തിലൂടെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News