ഉച്ചഭാഷിണി വിവാദം; മഹാരാഷ്ട്രയില്‍ നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; അനുമതിയില്ലാത്തവ പിടിച്ചെടുക്കും

മുംബൈ- ആരാധനാലയങ്ങളിലും മതചടങ്ങുകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നടപടികള്‍ കര്‍ശനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഉച്ചഭാഷണി ഉപയോഗിക്കുന്നതിന് യ്ഥാവിധത്തിലുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയാണ് കര്‍ക്കശമാക്കുന്നത്.
എല്ലാ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സ് പാട്ടീല്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മതസ്ഥാപനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കില്‍ അനുമതി നിര്‍ബന്ധമാണെന്ന് സിറ്റി കമ്മീഷണര്‍ ഉത്തരവിട്ടതോടെ നാസിക്കില്‍ ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അനുമതി തേടേണ്ട അവസാന തീയതി മെയ് മൂന്നായാണ് നിശ്ചയിച്ചിരിക്കുന്നത്.  അനുമതിയില്ലെങ്കില്‍ മതസ്ഥാപനങ്ങളില്‍നിന്ന് ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കും. അനുവദനീയമായ ഡെസിബെലിനപ്പുറം  ഉച്ചഭാഷിണി ശബ്ദം ഉയര്‍ത്തിയാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യവമായി  എംഎന്‍എസ് നേതാവ് രാജ് താക്കറെ രംഗത്തുവന്നത്  സംസ്ഥാനത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്, ഗുഡി പഡ് വ റാലിയില്‍ ഈ ആവശ്യം ഉന്നയിച്ച  രാജ് താക്കറെ തന്റെ ഭീഷണി ആവര്‍ത്തിച്ചതിനു പുറമെ മെയ് മൂന്നു വരെ സര്‍ക്കാരിന് സമയം നല്‍കിയിരിക്കയാണ്. ഈ തീയതിക്കു മുമ്പ് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തില്ലെങ്കില്‍. അല്ലാത്തപക്ഷം ഹനുമാന്‍ ചാലിസയുമായി മസ്ജിദുകള്‍ക്ക് മുന്നില്‍ എത്തുമെന്നാണ് ഭീഷണി.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. ഉച്ചഭാഷണികളുടെ ഉപയോഗത്തില്‍ ഡെസിബെല്‍ നില സംബന്ധിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞപ്പോള്‍, രാജ് താക്കറെയ്ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ പ്രതികരണം.  
മസ്ജിദുകളില്‍ നിന്നോ ക്ഷേത്രങ്ങളില്‍ നിന്നോ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനുവദനീയമായ ഡെസിബെല്‍ പരിധിക്കുള്ളില്‍ ഉച്ചഭാഷിണികള്‍ അനുവദിക്കുമെന്നും നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

അതിനിടെ, ഹനുമാന്‍ ചാലിസ വായിക്കാന്‍ ബി.ജെ.പി നേതാവ് മോഹിത് കംബോജ് ക്ഷേത്രങ്ങളില്‍ സൗജന്യ ഉച്ചഭാഷിണി വിതരണം തുടങ്ങി.  ക്ഷേത്ര ട്രസ്റ്റുകള്‍ക്ക് സൗജന്യ ഉച്ചഭാഷിണി സെറ്റുകള്‍ വിതരണം ചെയ്യുകയാണെന്നും  ഹനുമാന്‍ ചാലിസയും മറ്റ് ദേവീദേവന്മാരുടെ ഭക്തിഗാനങ്ങളും കേള്‍പ്പിക്കണമെന്നും മോഹിത് കാംബോജ് ട്രസ്റ്റുകള്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

 

Latest News