Sorry, you need to enable JavaScript to visit this website.

ഒളിക്യാമറയില്‍ കുടുങ്ങി; ബി.ജെ.പിയും ആം ആദ്മിയും കൗണ്‍സിലര്‍മാരെ പുറത്താക്കി

ന്യൂദല്‍ഹി- കൈക്കൂലി ആവശ്യപ്പെട്ട് വാര്‍ത്താ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ (എം.സി.ഡി) കൗണ്‍സിലര്‍മാര്‍ക്കെതിരെ ബി.ജെ.പിയും ആംആദ്മി പാര്‍ട്ടിയും നടപടി സ്വീകരിച്ചു. ബി.ജെ.പിയില്‍ നിന്നുള്ള നാല് കൗണ്‍സിലര്‍മാരെയും എ.എ.പിയിലെ മൂന്ന് പേരെയും പുറത്താക്കി.
നാല് കൗണ്‍സിലര്‍മാരെയും വനിതാ കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്മാരായ രണ്ട് നേതാക്കളെയും പുറത്താക്കിയതായി ദല്‍ഹിയിലെ ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഇത്തരം നടപടികളോട് വിട്ടുവീഴ്ചയില്ലാത്തതിനാലാണ് ഉടന്‍ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്ട്‌ലിയിലെ ബി.ജെ.പി കൗണ്‍സിലര്‍ അതുല്‍ കുമാര്‍ ഗുപ്ത, മംഗോള്‍പുരി കൗണ്‍സിലര്‍ രാധാദേവി, ഭര്‍ത്താവ് രാജു റാണ, തിമര്‍പൂരില്‍ നിന്നുള്ള കൗണ്‍സിലര്‍ അമര്‍ലത സാങ്‌വാന്‍, ത്രിലോക്പുരി കൗണ്‍സിലര്‍ സരോജ് സിങ്, ഭര്‍ത്താവ് ഷേര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് നടപടി.
എ.എ.പിയുടെ നരേല സോണ്‍  ചെയര്‍മാനും കൗണ്‍സിലറുമായ  രാം നാരായണ്‍ ഭരദ്വാജ്, സംഗമം പാര്‍ക്ക് കൗണ്‍സിലര്‍ റിങ്കു മാത്തൂര്‍, നിമ്രി കോളനി കൗണ്‍സിലര്‍ നീതു ആസാദ് ഭര്‍ത്താവ് അഭിഷേക് ആസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന്  എ.എ.പി എം.സി.ഡി ചുമതലയുള്ള ദുര്‍ഗേഷ് പഥക് പറഞ്ഞു
കേബിളുകള്‍ സ്ഥാപിക്കുന്നതിനും പാര്‍ക്കിംഗ് കരാറുകള്‍ നല്‍കുന്നതിനും മറ്റ് ജോലികള്‍ക്കുമായി ഏകദേശം 20-30 ലക്ഷം രൂപ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ കാണിച്ചത്. കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്മാരും കൈക്കൂലി ആവശ്യപ്പെടുന്നതായി കാണാം.
കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി ആവശ്യപ്പെട്ടു.
മൂന്ന് മാസം മുമ്പ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് എ.എ.പി കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി ആരോപിച്ച് കഴിഞ്ഞ വര്‍ഷം മൂന്ന് കൗണ്‍സിലര്‍മാരെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest News