ചൈനയില്‍ ലോക്ക്ഡൗണ്‍ തുടരുന്ന ഷാങ്ഹായില്‍ കോവിഡ് മരണങ്ങള്‍

ബീജിംഗ്- കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചൈനയിലെ ഷാങ്ഹായില്‍നിന്ന് ആദ്യ  കോവിഡ്  മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മുതലാണ് ഷാങ്ഹായ് അടച്ചിട്ടത്. മുനിസിപ്പല്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് ഞായറാഴ്ച മൂന്ന് പേരാണ് മരിച്ചത്. 89 നും 91 നും ഇടയില്‍ പ്രായമുള്ള ഇവര്‍ക്ക് കോവിഡിനു പുറമെ,  മറ്റു രോഗങ്ങളുണ്ടായിരുന്നു.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ മാര്‍ച്ച് പകുതിയോടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ചൈനയില്‍ ആദ്യമായാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്.  ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്ന രാജ്യത്ത് ഒരുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളായിരുന്നു ജിലിനിലേത്.
ഷാങ്ഹായിലെ രണ്ട് വയോജന പരിചരണ കേന്ദ്രങ്ങള്‍ ഒമിക്രോണ്‍ ഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടങ്ങളില്‍ മരണങ്ങളുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച ചൈനയില്‍ 26,155 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,529 പേര്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങളില്ലാത്ത 3,238 പേര്‍ ഉള്‍പ്പെടെ മൊത്തം 95 ശതമാനം കോവിഡ് ബാധിതരും (24,820) ഷാങ്ഹായിയിലാണ്. മാര്‍ച്ച് അവസാനം മുതല്‍ നഗരത്തില്‍ മൂന്ന് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തില്‍ രോഗബാധ നിയന്ത്രണവിധേയമല്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെങ്കിലും ഷാങ്ഹായില്‍ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുടങ്ങിയിരുന്നു.

 

Latest News