മനുഷ്യനെ സംബന്ധിച്ച ഏറ്റവും വലിയ അത്ഭുതം അവന്റെ മനസ്സാണെന്നാണ് മനഃശാസ്ത്ര വിദഗ്ധർ എപ്പോഴും ഓർമിപ്പിക്കാറുള്ളത്. വിശാലമായ ഒരു കാൻവാസ് പോലെ അത് പ്രവർത്തിക്കുന്നു. അതിൽ വരച്ചിടപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളുമാണ് മനുഷ്യന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. അവ അവ്യക്തങ്ങളും അമൂർത്തവുമായിത്തീരുമ്പോൾ മനുഷ്യന്റെ പ്രവർത്തനങ്ങളും താളം തെറ്റുന്നു. അവിടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും മനഃശാസ്ത്രജ്ഞന്റെ ജോലി ആരംഭിക്കുകയും ചെയ്യുന്നു.
പല കാരണങ്ങളും സമൂഹ മനസ്സിനെത്തന്നെ അപകടപ്പെടുത്താറുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്ന് നാം ചികിത്സാലയങ്ങളെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. സമൂഹ ഗാത്രത്തിന് മാത്രമല്ല, സമൂഹ മനസ്സിനും അനാരോഗ്യം സംഭവിക്കാം. അവിടെ ഒരു വ്യക്തിയുടെ ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രശ്‌നപരിഹാരം. സമൂഹത്തെ കാർന്നുതിന്നുന്ന അനാരോഗ്യത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയും വേണം, അവിടെ മരുന്നല്ല, ശ്രദ്ധാപൂർവമായ ഇടപെടലുകളും ബോധവത്കരണവുമാണ് ആവശ്യമായി വരിക.
കേരളത്തിന്റെ രോഗാതുരമായ സമൂഹ മനസ്സ് വലിയ രീതിയിൽ പുറത്തേക്ക് വരുന്നതായി നമുക്കു ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളെ വിശകലനം ചെയ്താൽ മനസ്സിലാകും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന അസ്വസ്ഥജനകമായ വാർത്തകളിലൂടെ കടന്നുപോകുമ്പോൾ കേരളീയ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന മാനസിക പ്രശ്‌നങ്ങൾ മുന്നിൽ തെളിഞ്ഞുവരും. പാലക്കാട്ട് കാമുകനൊപ്പം താമസിക്കാൻ മൂന്നു വയസ്സുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നത് ഏത് മാനസികാവസ്ഥയിലായിരിക്കും. കോട്ടയത്ത് നിന്ന് വാർത്ത ഭർത്താവിന്റെ സംശയ രോഗത്തെക്കുറിച്ചാണ്. അയാൾ ചെയ്ത കടുംകൈ ഭാര്യയുടെ കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
രാത്രി വീടിന് പ്രത്യേക പൂട്ടുകളിട്ട് അതിന്റെ താക്കോൽ സ്വന്തം തലയിണക്കടിയിൽവെച്ച് കിടന്നുറങ്ങുന്ന ശീലമാണ് അയാൾക്ക്. എന്നിട്ടും ഭാര്യ താനറിയാതെ പുറത്തു പോകുന്നില്ലെന്നോ, മറ്റാരെങ്കിലും അകത്തു കടക്കുന്നില്ലെന്നോ അയാൾക്ക് വിശ്വസിക്കാനായില്ല. ആത്യന്തികമായി സംഭവിച്ചത്, തന്നെ വഞ്ചിക്കുന്ന ഭാര്യയെ വകവരുത്തുകയെന്നതായിരുന്നു.
തൊടുപുഴയിൽ പതിനഞ്ചുകാരിയെ നിരവധി പേർക്ക് വർഷങ്ങളായി കാഴ്ചവെച്ച് പണം സമ്പാദിക്കാൻ നോക്കിയത് അമ്മയും മുത്തശ്ശിയും കൂടി ചേർന്നായിരുന്നു എന്ന വാർത്ത ഞെട്ടലോടെയെ വായിക്കാനാവൂ. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും നിസ്സംഗതയോടെ അവ വായിക്കുകയും അറിയുകയും ചെയ്യാനാവുന്നു എന്നതും എത്ര വ്യാപകമായാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്നതിന്റെ തെളിവാണ്.
ശിഥിലമായ കുടുംബ ബന്ധങ്ങളെയാണ് നാമെപ്പോഴും ഇക്കാര്യങ്ങളിൽ പഴി പറയാറ്. മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ഇത്തരം കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുന്നുണ്ട്. എന്നാൽ അതു മാത്രമല്ല, കാഴ്ചപ്പാടുകളിൽ വന്ന മാറ്റങ്ങളും ഇത്തരം സംഭവങ്ങൾക്ക് പ്രേരണയാകുന്നുവെന്ന് നിരവധി വിവാഹ മോചന കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു കൗൺസലിംഗ് വിദഗ്ധ ഈയിടെ പറയുകയുണ്ടായി. ലൈംഗികതയെക്കുറിച്ചും ദാമ്പത്യ ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള മാറിവരുന്ന സങ്കൽപങ്ങൾ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിയുന്ന കുടുംബങ്ങളിൽ പോലും ശിഥിലമായ ബന്ധങ്ങൾക്ക് കാരണമാകുന്നതായാണ് അവർ പറയുന്നത്. അത്തരം ആശയങ്ങൾക്ക് പിന്നാലെ മനസ്സ് വ്യാപരിക്കുമ്പോൾ, സ്വാധീനിക്കാനാവുന്ന ഒരു വ്യക്തിയിലേക്ക് ചായാനുള്ള ഉൾപ്രേരണയുണ്ടാകുന്നു. ഇത് നിരവധി വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നതായാണ് അവരുടെ അനുഭവ സാക്ഷ്യം.
കാമുകനുമായി അല്ലെങ്കിൽ കാമുകിയുമായി സന്ധിക്കാൻ മുന്നിലുള്ള ഏത് തടസ്സത്തേയും ഇല്ലാതാക്കാനുള്ള ക്രൂരമനസ്സ് വളർന്നുവരുന്നത് എന്തുകൊണ്ടാണ്. ആസക്തിയും ഉപഭോഗ ത്വരയും കീഴടക്കിയ ഒരു മനസ്സിന് മാത്രമേ അത് സാധ്യമാകൂ. കോഴിക്കോട്ടെ ജോളി കേസ് ഒരു വലിയ ഉദാഹരണമാണ്. കുടുംബത്തിലെ നിരവധി പേരെയാണ് അവർ മാരകമായ സയനൈഡ് നൽകി വകവരുത്തിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാകുന്നതൊന്നും ഭൂമിയിൽ അവശേഷിക്കരുത് എന്ന ചിന്തയാണ് കുറ്റകൃത്യത്തിലേക്ക് അവരെ നയിക്കുന്നത്.
കുടുംബത്തേയും ദാമ്പത്യത്തേയും സംബന്ധിച്ച ധാർമിക ചിന്തകൾ ദുർബലമായി വരുന്ന കാലമാണിത്. സാമൂഹിക മാധ്യമങ്ങളുടെ ശക്തമായ കടന്നുകയറ്റം കൂടിയാകുമ്പോൾ ചിത്രം പൂർണമാകുന്നു.
സുരക്ഷിതമായും സൗകര്യപ്രദമായും ആരുമായും ആശയവിനിമയം നടത്താനും സന്ധിക്കാനുമുള്ള വിപുലമായ അവസരമാണ് ഇത്തരം മാധ്യമങ്ങൾ ആളുകൾക്ക് നൽകുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ആളുകൾ ഇതിലൂടെ വലിയ അപകടങ്ങളിൽ ചെന്നു ചാടുകയും ചെയ്യുന്നു. നാട്ടിൽനിന്ന് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന മിസ്ഡ് കോൾ കേസുകൾ തന്നെ വലിയ ഉദാഹരണം. കേവലം ഒരു മിസ്‌കോളിലൂടെ ആരംഭിക്കുന്ന ബന്ധം വലിയ ദുരന്തങ്ങളിലേക്കും കുടുംബത്തകർച്ചയിലേക്കും നീങ്ങുന്നു. പെൺവാണിഭങ്ങൾക്കും ലൈംഗിക വ്യാപാരത്തിനുമടക്കം ഇത് ഇടയാക്കുകയും ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തിനൊപ്പം അത് സുരക്ഷിതമായി ഉപയോഗിക്കുന്നത് സംബന്ധിച്ച ബോധവത്കരണം ഇല്ലാത്തതാണ് മനുഷ്യരെ ഇത്തരം രോഗാതുര മനസ്സുള്ളവരായി മാറ്റുന്നത്. കുടുംബ ജീവിതത്തിലെ അസംതൃപ്തിയോ സാമ്പത്തിക കാരണങ്ങളോ താളപ്പിഴകളോ ഭാര്യാഭർത്താക്കന്മാരെ മറ്റു ബന്ധങ്ങളിലേക്ക് നയിക്കുന്നത് മനസ്സിലാക്കാം. എന്നാൽ സമാധാനപൂർണമായ കുടുംബ ജീവിതം നയിക്കുന്നവരിൽ പോലും വാട്‌സാപ്പും ഫെയ്‌സ്ബുക്കും അടക്കമുളള സാമൂഹിക മാധ്യമങ്ങൾ അന്യർക്ക് വാതിൽ തുറക്കുകയും പിന്നീട് ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിൽ ഇടപെടുന്നവരായി മാറ്റിത്തീർക്കുകയും ചെയ്യുന്നത് നമ്മുടെ സാമൂഹിക മനസ്സിന്റെ രോഗമായിത്തന്നെ വേണം കാണേണ്ടത്.
കുടുംബത്തിന്റെ ഭദ്രതയാണ് പ്രധാനമെന്നും തങ്ങളുടെ അഭിരുചിക്കിണങ്ങുന്നവരെ തേടിപ്പോകുന്നത് തെറ്റാണെന്നുമുള്ള ധാർമിക ചിന്ത പുതിയ തലമുറ പഴഞ്ചനായി കാണുന്നുണ്ട്. ശരീരത്തിന്റെ ഉടമസ്ഥാവകാശം ആർക്ക് എന്ന നിർണായകമായ ചോദ്യമുയർത്തിയാണ് ഇത്തരം വാദഗതികൾ മുന്നോട്ടു പോകുന്നത്. നമ്മുടെ കോടതികളിൽ എത്തിച്ചേരുന്ന പല കേസുകളും അവയിലുണ്ടാകുന്ന വിധിപ്രസ്താവങ്ങളും ഈ മൂല്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്.
പുതിയ കാലത്തെ ലിബറൽ സമൂഹമായി മാറാൻ, യാഥാസ്ഥിതികതയുടെ വേരുകൾ പൊട്ടിച്ചെറിയാൻ വെമ്പുന്ന മനസ്സുകളുടെ പ്രവൃത്തിയായി ഇത്തരം കേസുകളെ വിലയിരുത്താവുന്നതാണ്. ഭാര്യയുടെ ശരീരം ഭർത്താവിന് മാത്രം അവകാശപ്പെട്ടതാണോ, അതുപോലെ തിരിച്ചും? ഭർത്താവിന് ഭാര്യയുടെ സമ്മതം കൂടാതെ അവരോട് ശാരീരികമായി ബന്ധപ്പെടാൻ അവകാശമുണ്ടോ, അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ നമ്മുടെ കോടതികൾക്ക് മുന്നിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ നിയമത്തിന്റെ നൂലിഴ കീറി പരിശോധിക്കാൻ ന്യായാധിപൻമാർ പോലും വിമുഖരാകുന്നത് കുടുംബം എന്ന സ്ഥാപനത്തെക്കുറിച്ച് പരമ്പരാഗതമായി നാം പുലർത്തുന്ന കാഴ്ചപ്പാടുകൾ അവരേയും സ്വാധീനിക്കുന്നതുകൊണ്ടാണ്.
സ്ത്രീക്കും പുരുഷനും പരസ്പരാകർഷണമുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. അങ്ങനെ ആകർഷണം തോന്നുന്നതിനെയെല്ലാം സ്വന്തമാക്കുക എന്നതാകട്ടെ മൃഗീയ വാസനയുമാണ്. സ്വന്തം ചുറ്റുപാടുകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ബോധത്തോടെയേ സാമൂഹിക ജീവിയായ മനുഷ്യൻ ഇക്കാര്യത്തിൽ ഇടപെടുകയുള്ളൂ. ഒളിച്ചുവെക്കാൻ നിർബന്ധിതമാകുന്ന ബന്ധങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ രണ്ടുവട്ടം ആലോചിക്കുന്നവരാണ് സാധാരണ മനുഷ്യർ. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങളിലേക്കാവും അത് നയിക്കുക. അവിശുദ്ധ ബന്ധങ്ങൾ തകർക്കുന്നത് മനസ്സുകളെയാണ്. തങ്ങളെ സ്‌നേഹിക്കുകയും ഒപ്പമുണ്ടാകുകയും ചെയ്യുന്നവരുടെ മനസ്സ് കൂടി അത് ശിഥിലീകരിച്ചുകളയുന്നു. മനസ്സുകളുടെ രോദനമാണ് അവിടെ കേൾക്കാൻ കഴിയുക. അസ്വസ്ഥജനകമായ അത്തരമൊരു സാമൂഹികാന്തരീക്ഷത്തിൽനിന്നാണ് കേട്ടാലറക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്. അത് തടയാൻ നിരന്തര ശ്രമങ്ങൾ തന്നെ ആവശ്യമുണ്ട്.