Sorry, you need to enable JavaScript to visit this website.

സി.പി.എം വേദിയിലെത്തിയത് ഞാന്‍ മാത്രമല്ല, അച്ചടക്ക സമിതിക്ക് മറുപടി നല്‍കി കെ.വി തോമസ്

കൊച്ചി- എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് അച്ചടക്ക സമിതിക്ക് മറുപടി നല്‍കി. സി.പി.എം സമ്മേളന വേദിയില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരന്‍ താനല്ലെന്നും രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ നേരത്തേ പോയിട്ടുണ്ടെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, അച്ചടക്ക സമിതി ചെയര്‍മാനായ എ.കെ ആന്റണിയടക്കമുള്ളവര്‍ സി.പി.എം നേതാക്കളെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചതടക്കമുള്ള കാര്യങ്ങളും മറുപടിയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് ബ്രഹ്‌മോസ് ഉദ്ഘാടന വേളയില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തിയിരുന്നു. വികസനകാര്യത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന താത്പര്യത്തെ ശ്ലാഘിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം.

ബ്രഹ്‌മോസ് കേരളത്തിന് അനുവദിച്ചപ്പോള്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ പൂര്‍ണസഹകരണം എനിക്ക് കിട്ടി. മുഖ്യമന്ത്രി വി.എസും പിന്തുണച്ചു. രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതല്‍ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ആന്റണി അന്ന് ഇടതുമുന്നണി സര്‍ക്കാരിനെ പുകഴ്ത്തിയത്.

ഇക്കാര്യങ്ങളും മറുപടിയില്‍ വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പുറമെ അച്ചടക്ക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഇ-മെയില്‍ വഴി അയച്ച മറുപടിയില്‍ പറയുന്നു. നാളെ രേഖാമൂലമുള്ള മറുപടിയും നല്‍കും.

 

Latest News