ഇന്‍ഷുറന്‍സ് കിട്ടാന്‍ സ്വന്തം കാര്‍ കത്തിച്ച ബി.ജെ.പി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ചെന്നൈ- സ്വന്തം കാര്‍ കത്തിച്ചശേഷം അതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ട ബി.ജെ.പി ജില്ലാ സെക്രട്ടറി തമിഴ്നാട്ടില്‍ അറസ്റ്റിലായി. ഈ മാസം 14 ന് രാത്രിയാണ് ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ സ്വന്തം കാര്‍ കത്തിനശിച്ചത്. എന്നാല്‍ കാര്‍ കത്തിച്ചത് മറ്റാരോ ആണെന്ന തരത്തില്‍ അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറ് കത്തിക്കലിന് പിന്നിലെ നാടകീയ നീക്കങ്ങള്‍ പുറത്തായത്.

വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് വരുന്നതും കാര്‍ പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. നിമിഷങ്ങള്‍ക്കകം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാള്‍ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്നതും തുടര്‍ന്ന് തീയിടുന്നതും കാണാമായിരുന്നു.

കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിന്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന അഭ്യൂഹം പരന്നതോടെ ഉടന്‍ സംഭവ സ്ഥലത്തേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പോലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് തുക നേടാനാണത്രെ അദ്ദേഹം ഇത് ചെയ്തത്.

 

 

Latest News