അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തൃണമൂലില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും രാജ്യസഭാ മുന്‍ അംഗവുമായ റിപുന്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബോറയുടെ പാര്‍ട്ടി പ്രവേശം.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രാജി അറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'പുതിയ രാഷ്ട്രീയ യാത്ര തുടങ്ങി' എന്ന കുറിപ്പോടെയാണ് കത്ത് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

'1976 മുതലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇക്കാലമത്രയും പാര്‍ട്ടി എനിക്ക് നല്‍കിയ സ്ഥാനമാനങ്ങളിലും ഉത്തരവാദിത്തങ്ങളിലും നന്ദിയുണ്ട്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വളരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവയെ പ്രതിരോധിക്കുന്നതിന് പകരം പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പരസ്പരം പോരടിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍. ഇത് ബി.ജെ.പിക്ക് വളരാനുള്ള വഴി ഒരുക്കുന്നു. അസമിലും സാഹചര്യം മറിച്ചല്ല. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ബി.ജെ.പി നേതാക്കളുമായി ധാരണയുണ്ട്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്' -സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ റിപുന്‍ ബോറ അറിയിച്ചു.

 

Latest News