ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഉമ്മയും മകനും മരിച്ചു

മദീന- ഹായിലിൽനിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഉമ്മയും മകനും മരിച്ചു. 
കോഴിക്കോട് കൊടുവള്ളിക്ക് സമീപം പൂനൂർ സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ സഫീന (29) ഇവരുടെ മകൻ മുഹമ്മദ് ഷാഹിൻ (മൂന്ന് വയസ്സ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സഫീന തൽക്ഷണം മരണപ്പെട്ടു. മകൻ മുഹമ്മദ് ഷാഹിൻ ഇന്ന് രാവിലെയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയെ തുടർന്ന് ഷാഹീനെ മദീനയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ കൂടെയുണ്ടായിരുന്ന റംഷീദ്, ഭാര്യ അഫ്‌ന, മകൻ മുഹമ്മദ് ജിഷാൻ എന്നിവർക്കും പരിക്കേറ്റു. ഇവർ അൽ ഹംന ആശുപത്രിയിലാണുള്ളത്. സിദ്ദീഖിനും മകൾ ഫാത്തിമ ഷെറിനും നിസാര പരിക്കേറ്റു.
മീഖാത്തിൽ നിന്നും ഇഹ്റാമിൽ പ്രവേശിച്ച ഇവർ ഇവിടെ നിന്നും ഏകദേശം ഏതാണ്ട് 200 കിലോമീറ്റർ അകലെ അൽ ഹംനയിൽവെച്ച് ഇന്നലെ പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ഹംനയിൽ പാലത്തിനു മുകളിലെ ഡിവൈഡറിൽ തട്ടി കാർ താഴെ വീഴുകയായിരുന്നു. ഹായിൽ ജനറൽ സർവീസ് ഏജൻസിയിലാണ് അബൂബക്കർ സിദ്ദീഖിന് ജോലി. സിദ്ദീഖും കുടുംബവും ഏറെക്കാലമായി ഹസയിലാണ്. റംഷീദിന്റെ ഭാര്യയും കുട്ടിയും രണ്ടര മാസം മുമ്പാണ് സന്ദർശ വിസയിൽ എത്തിയത്.
 

Latest News