ഐ.എസിലേക്ക് ആളെ കടത്തിയ കേസിൽ യാസ്മിൻ മുഹമ്മദിന് ഏഴു വർഷം തടവ്

കാസർക്കോട്- ഭീകരസംഘടനയായ ഇസ്്‌ലാമിക് സ്‌റ്റേറ്റിലേക്ക് പാലക്കാട്, കാസർക്കോട് എന്നീ ജില്ലകളിൽനിന്ന് ആളുകളെ കടത്തിയ കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിനെ എൻ.ഐ.എ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. കാൽലക്ഷം രൂപ പിഴയും ഇവർ അടക്കണം. യു.എ.പി.എ ചുമത്തി എൻ.ഐ.എ കോടതിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. 2016 ജൂലൈ 31 ന് ദൽഹി വിമാനതാവളത്തിൽനിന്ന് കാബൂളിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കേരള പോലീസാണ് ഇവരെ പിടികൂടിയിരുന്നത്. കേരളത്തിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരെ അഫ്ഗാനിലേക്ക് കടത്തിയെന്നാണ് കേസ്. കാസർക്കോട് തൃക്കരിപ്പൂരിൽനിന്ന് ഐ.എസിലേക്ക് പോയ അബ്ദുൽ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിൻ. കാസർക്കോട് പോലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറി. പിടിയിലാകുമ്പോൾ 70,000 രൂപയും 620 ഡോളറും ഇവരിൽനിന്ന് പിടികൂടിയിരുന്നു. അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യൻ നിയമം അനുസരിച്ച് ജീവിക്കുന്നയാളാണെന്നും യാസ്മിൻ മുഹമ്മദ് പറഞ്ഞു. കോടതിയിലെത്തിയ യാസ്മിന്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
 

Latest News