ന്യൂദൽഹി- സി.ബി.എസ്.ഇ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന എൻ സി ഇ ആർ ടി 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ പുസ്തകത്തിൽ പരാമർശിച്ചിരുന്ന '2002ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം' എന്നത് വെറും ഗുജറാത്ത് കലാപം എന്നു തിരുത്തി. സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയം എന്ന അധ്യായത്തിലായിരുന്നു ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം എന്ന ഉപതലക്കെട്ടോടെ കലാപത്തെ കുറിച്ച് പഠിപ്പിച്ചിരുന്നത്്. പരിഷ്‌ക്കരിച്ച പാഠപുസ്തകത്തിൽ ഈ തലക്കെട്ട് മാറ്റി 'ഗുജറാത്ത് കലാപം' എന്നു മാത്രമാക്കി മാറ്റിയിരിക്കുന്നു.
അതേസമയം ഈ പാഠഭാഗത്തിലെ ആദ്യ വരിയിലെ തിരുത്ത് മാറ്റി നിർത്തിയാൽ മറ്റു ഭാഗങ്ങളിലൊന്നും വെട്ടൽ നടത്തിയിട്ടില്ല. കലാപ സമയത്തെ ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ പങ്കിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും അതേപടി നിലനിർത്തിയിട്ടുണ്ട്. രണ്ടു മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. തലക്കെട്ടിനു പുറമെ പാഠഭാഗത്തിലെ 'മുസ്ലിം' എന്ന പരാമർശവും എടുത്തു മാറ്റിയിട്ടുണ്ട്.
'2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഗുജറാത്തിൽ മുസ്ലിംകൾക്കെതിരെ വൻ തോതിൽ അതിക്രമങ്ങളുണ്ടായി' എന്നായിരുന്നു ഇതുവരെ ഈ പാഠഭാഗത്തിൽ പറഞ്ഞിരുന്നത്. പുതിയ പാഠപുസ്തകത്തിൽ ഈ ഭാഗം '2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഗുജറാത്തിൽ വൻ തോതിൽ അതിക്രമങ്ങളുണ്ടായി' എന്നാക്കി മാറ്റിയിരിക്കുന്നു.
ഈ മാറ്റത്തിനുള്ള വിശദീകരണമായി എൻസിഇആർടി പറയുന്നത് പാഠ പുസ്തകമെഴുതാൻ അവലംബിക്കുന്ന അംഗീകൃത സിലബസിൽ ഗുജറാത്ത് കലാപത്തെ 'മുസ്ലിം വിരുദ്ധ' എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിക്കുന്നില്ല. സിലബസിൽ ഗുജറാത്ത് കലാപം എന്നു മാത്രമെ പറയുന്നുള്ളൂ. അതേസമയം പാഠപുസ്തകത്തിൽ മുസ്ലിം വിരുദ്ധ കലാപം എന്നായിരുന്നു അച്ചടിച്ചിരുന്നത്. പാഠപുസ്തകം പരിഷ്‌ക്കരിക്കുന്നതിനിടെ ഈ വ്യത്യാസം ചൂണ്ടിക്കാണിക്കപ്പെട്ടു. അതുകൊണ്ടാണ് മാറ്റം വരുത്തിയതെന്ന് ഒരു മുതിർന്ന എൻസിഇആർടി ഉദ്യോഗസ്ഥൻ പറഞ്ഞു. സിബിഎസ്ഇ, എൻസിഇആർടി പ്രതിനിധികളടങ്ങിയ പുനപ്പരിശോധന കമ്മിറ്റി യോഗത്തിലാണ് ഈ മാറ്റം വരുത്താനുള്ള തീരുമാനമെടുത്തത്.