Sorry, you need to enable JavaScript to visit this website.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളുമായും പ്രശാന്ത് കിഷോര്‍  ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സൂചന പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.

അതേസമയം, പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതിരേഖ പ്രശാന്ത് കിഷോര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാം എന്നതു സംബന്ധിച്ചും  ചര്‍ച്ച നടന്നു. പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനും അവ പ്രാവര്‍ത്തികമാക്കാനും ഒരു സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് ചര്‍ച്ചക്കുശേഷം കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ പ്രത്യേകം സമിതി ചേര്‍ന്ന് ചര്‍ച്ചചെയ്ത ശേഷം കോണ്‍ഗ്രസ് അധ്യക്ഷക്ക് അവസാന റിപ്പോര്‍ട്ട് നല്‍കും. കോണ്‍ഗ്രസിനെ പൂര്‍ണമായും ഉടച്ചുവാര്‍ക്കണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ അത് മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചുകൊണ്ട് ആവണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്.

 

Latest News