ജെ.എന്‍.യുവിന് ചുറ്റും കാവിക്കൊടിയും പോസ്റ്ററുകളും സ്ഥാപിച്ച് ഹിന്ദുസേന, കാവിയെ അപമാനിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്ക്  ചുറ്റും പോസ്റ്ററുകളും കാവിക്കൊടികളും സ്ഥാപിച്ച് ഹിന്ദു സേന. രാമനവമി ദിനത്തില്‍ മാംസാഹാരം വിളമ്പിയെന്ന് ആരോപിച്ച് സംഘര്‍ഷമുണ്ടായ ഹോസ്റ്റലിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ സ്ഥാപിച്ചതിനോടൊപ്പം 'കാവിയെ' അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും കൂടി സംഘടന നല്‍കിയിട്ടുണ്ട്.

'ജെഎന്‍യുവിനെ കാവിവത്ക്കരിച്ചു' എന്നെഴുതിയ പോസ്റ്ററുകളാണ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് സമീപവും മറ്റ് പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടത്. വലതുപക്ഷ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ് യാദവാണ് പോസ്റ്ററുകള്‍ പതിച്ചതെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ജെ.എന്‍.യു ക്യാമ്പസില്‍ കാവി സ്ഥിരമായി അപമാനിക്കപ്പെടുകയെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെ താക്കീത് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും ഹിന്ദിയില്‍ പറയുന്നത് കേള്‍ക്കാം. എല്ലാ മതങ്ങളെയും അവരുടെ മൂല്യങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. കാവിയെ അപാനിക്കുന്നവര്‍ അവരുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തണമെന്നും കാമ്പസില്‍ അത്തരമൊരു സന്ദര്‍ഭം ഒരിക്കല്‍ കൂടിയുണ്ടായാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും അവര്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും വിഷ്ണു പറഞ്ഞു.

അതേസമയം, ഹിന്ദുസേന സ്ഥാപിച്ച പോസ്റ്ററുകള്‍ ദല്‍ഹി പോലീസ് പിന്നീട് നീക്കി. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

 

Latest News