റിയാദ്- പ്രശസ്ത വ്യക്തികളുടെ പേരുകളും ഫോട്ടോകളും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി ദുരുപയോഗിച്ച് ആള്‍മാറാട്ടം നടത്തി ചിലര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്നതായി സൗദി സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. പ്രശസ്തരായ വ്യക്തികളുടെ പേരുകളും ഫോട്ടോകളും ദുരുപയോഗിച്ച് ആള്‍മാറാട്ടം നടത്തി ധനസഹായം നല്‍കുമെന്ന് വാദിച്ച് ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തി സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. തട്ടിപ്പുകളിലൂടെ മറ്റുള്ളവരുടെ പണം കൈക്കലാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.






