Sorry, you need to enable JavaScript to visit this website.

അധ്യാപകനെതിരായ കേസ്  പിൻവലിക്കണമെന്ന് നാസർ ഫൈസി; തള്ളിപ്പറയണമെന്ന് ഡി.വൈ.എഫ്.ഐ

ഫാറൂഖ് കോളേജ് അധ്യാപകൻ ജവഹർ മുനവ്വിറിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.വൈ.എസിന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നടന്ന പ്രകടനം.

കൊടുവള്ളി - പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഫാറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകൻ ജവഹർ മുനവ്വിറിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.വൈ.എസിന്റെ നേതൃത്വത്തിൽ കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് റാലി നടത്തി. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു.
ഒരു വിദ്യാർഥിനിയുടെ ഇ-മെയിൽ പരാതിയിൽ ആവശ്യമായ അന്വേഷണം നടത്താതെ കേസെടുത്ത കൊടുവള്ളി പോലീസിന്റെ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മാന്യമായി വസ്ത്രധാരണം നടത്തണമെന്ന അധ്യാപകന്റെ പരാമർശത്തിൽ സഭ്യേതരമായി എന്താണെന്നുള്ളതെന്ന് കേസെടുത്തവർ വ്യക്തമാക്കണം. അധ്യാപകന്റെ പ്രഭാഷണം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വിവാദമാക്കുകയായിരുന്നു. കേരളത്തിൽ തുടർച്ചയായ ന്യൂനപക്ഷ പീഡനമാണ് പിണറായി വിജയൻ സർക്കാർ നടത്തുന്നത്.
എസ്.വൈ.എസ് എന്നും ഇരകൾക്കൊപ്പമാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാൻ സമാന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയ ഇതര മത വിഭാഗങ്ങളിൽ പെട്ട പുരോഹിതൻമാർക്കെതിരെ കേസെടുക്കാതെ മുസ്‌ലിം വിഭാഗത്തിലെ മതപ്രഭാഷകർക്കെതിരെ മാത്രം കേസെടുക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്.വൈ.എസ് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. മലയമ്മ അബൂബക്കർ ഫൈസി, ഒ.പി അഷറഫ്, പി.സി കുഞ്ഞാലൻ കുട്ടി ഫൈസി, കെ.പി കോയ, റഷീദ് ഫൈസി വെള്ളായിക്കോട്്. എ.ടി മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. റാലിക്ക് ഫൈസൽ ഫൈസി മടവൂർ, ഇസ്മായിൽ ഹാജി എടച്ചേരി, യൂസുഫ് ഫൈസി വെണ്ണക്കോട്, കെ.എം.എ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
മതവിഷയം പറഞ്ഞത് സ്ത്രീ നിന്ദയായി കണക്കാക്കി കേസെടുത്ത പോലീസ് നടപടി ശരിയായില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ പ്രസ്താവിച്ചു.
അധ്യാപകനെതിരായ പോലീസ് നടപടി അത്യന്തം പ്രതിഷേധാർഹമാണ്. രംഗം വഷളാക്കിയവരും വഷളാക്കുന്നവരും തിരുത്താൻ വൈകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മാറ് മറയ്ക്കണമെന്ന് പറഞ്ഞത് സ്ത്രീനിന്ദയാണെന്ന വാദം പഴയത് പുതിയതായി അവതരിപ്പിക്കലാണ്. പുരാതന ഭാരതത്തിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് മാറ് മറയ്ക്കാൻ അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ബ്രാഹ്മണ്യത്തിന്റെ ആസ്വാദന ആഗ്രഹമായിരുന്നു കാരണം. എന്നാൽ മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിച്ച സ്ത്രീകളുടെ പിൻതലമുറക്കാരിൽ ചിലർ മാറ് അനാവരണ ആവശ്യം ഉയർത്തുന്നത് ദുഃഖകരമാണ്. ലിംഗസമത്വ വാദത്തിനപ്പുറത്ത് മാനവികതയുടെ സൗന്ദര്യം കൂടി വായിക്കാൻ ഇത്തരം സന്ദർഭങ്ങളിൽ പൊതുബോധം ഉണരേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.

അധ്യാപകന്റെ പ്രസംഗത്തെ മുസ്‌ലിം സംഘടനകൾ
തള്ളിപ്പറയണമെന്ന് ഡി.വൈ.എഫ്.ഐ

കോഴിക്കോട് - ഫാറൂഖ് ട്രെയിനിംഗ് കോളെജിലെ അധ്യാപകൻ നടത്തിയ പ്രസംഗത്തെ കേരളത്തിലെ പ്രബല മുസ്‌ലിംസംഘടനകൾ തള്ളിപറയണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തെ വഴിമാറ്റുവാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെ ഒരു മുസ്‌ലിം വിഷയമായി കാണരുത്. ഫാറൂഖ് കോളെജിനെ തകർക്കുവാനുള്ള നീക്കത്തിന്റെ ഭാഗമെന്ന നിലക്കുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. ഇത്തരം അധ്യാപകർ സംഘ്പരിവാറിന് ഈ മണ്ണിൽ വളക്കൂറുണ്ടാക്കുകയാണ്. ഇത്തരം പ്രഭാഷകരെ മതസംഘടനകൾ ഒറ്റപ്പെടുത്തണം. കേരളത്തിലെ പ്രബുദ്ധരായ മുസ്‌ലിം സംഘടനകൾ അതിനുതയ്യാറാകുമെന്നാണ് ഞാൻ കരുതുന്നത്. ഡി വൈ എഫ് ഐ പണ്ടേ ഇത്തരം നീക്കങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 കീഴാറ്റൂരിൽ സംഘടന ജനഹിതത്തിനൊപ്പം നിൽക്കുകയാണ്  ഡിവൈഎഫ്‌ഐ യുടെ നില്പാട്. വികസനത്തിനെതിരായ ഒരു സമീപനം ഡിവൈഎഫ്‌ഐക്ക് ഇല്ല. വികസനത്തിന് റോഡ് ആവശ്യമാണ്. ഇതിനെതിരെ ചില തൽപ്പരകക്ഷികളാണ് ഇവിടെ സമരം നടത്തുന്നത്. ഈ സമരത്തോടൊപ്പമല്ല കീഴാറ്റൂരിലെ പൊതുസമൂഹം. അതുകൊണ്ടാണ് ഡി.വൈ.എഫ്.ഐ പൊതുസമൂഹത്തിനൊപ്പം നിൽക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
 

Latest News