റഷ്യയിലെ ഭക്ഷ്യക്ഷാമം നേരിടാന്‍ ഇന്ത്യയെ സമീപിച്ച് വ്യാപാരികള്‍

മോസ്‌കോ- ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തെ വലക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് പോയേക്കുമെന്ന ആശങ്കയാണ് പരക്കെയുള്ളത്.
റഷ്യന്‍ സ്റ്റോറുകളില്‍ കരുതല്‍ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്നത് അധികൃതരെ ഭയപ്പെടുത്തുന്നുണ്ട്. റഷ്യന്‍ ഭക്ഷ്യക്ഷാമം നേരിടാന്‍ ഇന്ത്യയെ സമീപിച്ചതായാണ് വിവരം. നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കുമായി ഇന്ത്യന്‍ റീട്ടയിലര്‍മാരേയും കാര്‍ഷിക കയറ്റുമതിക്കാരേയും റഷ്യ സമീപിച്ചിട്ടുണ്ട്. റഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകളില്‍ പഞ്ചസാര, പാസ്ത, അരി എന്നിവയുള്‍പ്പെടെ അടിസ്ഥാന സാധനങ്ങള്‍ തീര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് (സ്വിഫ്റ്റ്) സിസ്റ്റത്തില്‍ നിന്ന് ചില റഷ്യന്‍ ബാങ്കുകളെ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഒഴിവാക്കിയത് ഉപരോധത്തില്‍ വലിയ രീതിയില്‍ റഷ്യയെ സ്വാധീനിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് റൂബിളും രൂപയും ഉപയോഗിച്ചുള്ള ബദല്‍ പേയ്‌മെന്റ് സംവിധാനം തയ്യാറാക്കുന്ന തിരക്കിലാണ് റഷ്യ. ഇന്ത്യയിലേക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്കാമെന്ന റഷ്യന്‍ വാഗ്ദാനത്തിന് പിന്നാലെയാണ് ഇത്തരമൊരു രീതി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്.
രാജ്യത്തേക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെ പട്ടിക ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന് ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി നല്‍കിയിട്ടുണ്ട്. റഷ്യന്‍ കമ്പനികളെ ഇന്ത്യന്‍ വില്‍പ്പനക്കാരുമായി ബന്ധിപ്പിക്കുന്നതിന് അപെക്‌സ് എക്്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബോഡി അടുത്ത ദിവസങ്ങളില്‍ ബയര്‍- സെല്ലര്‍ മീറ്റും സംഘടിപ്പിക്കുന്നുണ്ട്.
ബസ്മതി അരി, പരിപ്പ്, ചായ, കാപ്പി, കോണ്‍ഫ്‌ളേക്‌സ്, ഓട്‌സ് ഫ്‌ളേക്‌സ്, പാസ്ത, മാങ്കോ ജാം, പാന്‍കേക്ക് മിക്‌സ്, കെച്ചപ്പ്, കൊഞ്ച്, ഓറഞ്ച് മാര്‍മാലേഡ്, റം തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യയോട് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യ- കാര്‍ഷിക ഇറക്കുമതിയില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന കുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യ- റഷ്യ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക- സംസ്‌ക്കരിച്ച ഭക്ഷ്യ നിര്‍മാതാക്കളോടും റീട്ടയില്‍ അസോസിയേഷനുകളോടും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി  തെക്കന്‍ റഷ്യയിലെ ആസ്ട്രഖാനിലെ പ്രത്യേക സാമ്പത്തിക മേഖലയായ 'ലോട്ടോസില്‍' സൗകര്യം ഒരുക്കാമെന്നാണ് റഷ്യ പറയുന്നത്.
ഭക്ഷ്യ, ഫാര്‍മ ഉത്പന്നങ്ങള്‍ക്ക് ഉപരോധമില്ലാത്തതിനാല്‍ പലചരക്ക്, കാര്‍ഷിക ഇനങ്ങളില്‍ വ്യാപാരം നടത്തുന്നതിനുള്ള ക്രമീകരണം പ്രശ്‌നമായിരിക്കില്ലെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
വിവിധ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലെ വിതരണക്കാരെ കണ്ടെത്തുന്നതിന് നിരവധി വന്‍ കമ്പനികള്‍ ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ എത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്കാര്‍ക്കും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കുമായി ഏകദിന ബോധവത്ക്കരണ പരിപാടി നടത്താനൊരുങ്ങുകയാണെന്ന് എഫ് ഐ ഇ ഒ ഡയറക്ടര്‍ ജനറലും ചീഫ് എക്സിക്യൂട്ടീവുമായ അജയ് സഹായ് പറഞ്ഞു. റഷ്യയ്ക്ക് താത്പര്യമുള്ള നിരവധി ഉത്പന്നങ്ങളുണ്ടെന്നതിന് പുറമേ നിരവധി അന്വേഷണങ്ങളും വരുന്നതായും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍, പാദരക്ഷകള്‍ കൃത്രിമ ആഭരണങ്ങള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ വിതരണത്തിന് റഷ്യയിലെ ഒരു ട്രേഡ് അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റീട്ടെയിലര്‍മാരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ആദ്യ കയറ്റുമതി ജൂണ്‍ മാസത്തില്‍ തന്നെ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

പേയ്‌മെന്റ് സംവിധാനവും ഷിപ്പിംഗ് ചാനലുകളും ഇതുവരെ അവ്യക്തമായി തുടരുമ്പോഴും, ഇന്ത്യയിലെ ചില്ലറ വ്യാപാരികള്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. യൂറോപ്യന്‍ യൂണിയനുമായി ഇടപഴകാന്‍ തയ്യാറല്ലെന്നതിനാല്‍, വിതരണത്തിനായി ഇന്ത്യയ്ക്ക് മത്സരാധിഷ്ഠിത വില നല്‍കാന്‍ റഷ്യ തയ്യാറാണ്. ഞങ്ങള്‍ ഇത് ഒരു മികച്ച അവസരമായി കാണുന്നു, ''ഡെല്‍ഹി ആസ്ഥാനമായുള്ള സംസ്‌കരിച്ച ഭക്ഷണം കൈകാര്യം ചെയ്യുന്ന ഒരു ചില്ലറ വ്യാപാരി പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രാദേശിക കറന്‍സിയിലെ ഇടപാടുകള്‍ക്കായി റഷ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വികസന ബാങ്കായ വിഇബിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ സ്വിഫ്റ്റിന് പകരമുള്ള പേയ്‌മെന്റ് സംവിധാനം അന്തിമമാക്കിയിട്ടുണ്ട്. ഷിപ്പിംഗിനെ സംബന്ധിച്ചിടത്തോളം, ജോര്‍ജിയയിലെ ഒരു തുറമുഖം മാത്രമാണ് റഷ്യയിലേക്കുള്ള വിതരണത്തിനായി സജ്ജമായിട്ടുള്ളത്.

Latest News