Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍  കോടതി ജീവനക്കാരെയും ചോദ്യം ചെയ്യും

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയിലാണ് നടപടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി ചുമതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ 2018 നവംബര്‍ 13ന് കോടതിയുടെ കൈവശമുണ്ടായിരുന്നു. ആ സമയത്ത് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ ഓരോ തവണ തുറക്കുമ്പോഴും ഹാഷ് വാല്യു മാറും. അത്തരത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച സമയത്തെ ഹാഷ് വാല്യു അല്ല അതിനുണ്ടായിരുന്നതെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി അന്വേഷണസംഘം നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നോ, ഇത് ആരുടെയൊക്കെ കൈകളിലെത്തി തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
 

Latest News