ജിദ്ദ- ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടാത്ത ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുമായി നിസ്സഹകരിക്കുമെന്ന് ഷറഫിയ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് വാഴക്കാട് അറിയിച്ചു. മെമ്പർഷിപ് അടിസ്ഥാനത്തിൽ തെരഞ്ഞടുക്കപ്പെട്ട കൗൺസിലർമാരാണ് സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടത്. താഴെതട്ട് മുതൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മാത്രം കെട്ടിയിറക്കുന്നത് ജനാധിപത്യ നടപടിയല്ലെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിലവിലെ സെൻട്രൽ കമ്മിറ്റിയുടെ മൂന്നു വർഷ കാലാവധിക്കു ശേഷം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും അനാവശ്യ കാരണങ്ങളും പിടിവാശിയും മൂലം വീണ്ടും രണ്ടു വർഷത്തോളം നീട്ടിക്കൊണ്ടുപോയ ശേഷമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം ഭാരവാഹികളെ നിയോഗിച്ചിട്ടുള്ളത്. ഒട്ടേറെ പ്രവർത്തകരുള്ള പല ജില്ലകൾക്കും പ്രതിനിധ്യം ലഭിച്ചിട്ടില്ല. അർഹരായ പലരും പുറത്തു നിൽക്കുമ്പോഴാണ് അനർഹർ കമ്മിറ്റിയിൽ കയറിക്കൂടിയിട്ടുള്ളത്. തെരഞ്ഞെടുപ്പിലൂടെയല്ലാതെയുള്ള കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് ഏരിയാ കമ്മിറ്റികൾ പലതും നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നതാണെങ്കിലും പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വം തയാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട നിലവിലെ കമ്മിറ്റി ഭാരവാഹികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് ബന്ധപ്പെട്ട ഭാരവാഹികളോ, സംസ്ഥാന നേതൃത്വമോ മറുപടി നൽകാൻ തയാറായിട്ടില്ല. ഫണ്ട് വിനിയോഗം ഉൾപ്പെടെ പല കാര്യങ്ങളിലും കൃത്യമായ കണക്കുകളോ അതു കമ്മിറ്റിയെ ബോധ്യപ്പെടുത്തുന്നതിനോ ഇതുവരെക്കും ശ്രമം ഉണ്ടായിട്ടില്ലെന്നും റഷീദ് കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ പല ഏരിയാ, പഞ്ചായത്ത് കമ്മിറ്റികളും സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കെതിരെ രംഗത്തു വരുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ അതിശക്തമായ വിമർശനങ്ങളാണ് നടക്കുന്നതെന്നും റഷീദ് കൂട്ടിച്ചേർത്തു.






