ബീജിങ്- ചൈനയും ഇന്ത്യയും തമ്മില്‍ ഈ വര്‍ഷം ആദ്യപാദത്തിലെ വ്യാപാര വളര്‍ച്ച 15.3 ശതമാനം. ഇരുരാജ്യങ്ങളും തമ്മില്‍ 31 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. ഇതില്‍ 27.1 ബില്യന്‍ ഡോളര്‍ ചൈനീസ് കയറ്റുമതിയാണ്. ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കണക്കുകള്‍ വ്യക്തമാക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ സൈനിക തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ടെങ്കിലും വ്യാപാരത്തില്‍ അത് കാണുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡായ 125 ബില്യന്‍ ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ചൈനയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 46.2 ശതമാനം വര്‍ധിച്ച് 97.52 ബില്യന്‍ ഡോളറിലെത്തിയപ്പോള്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 28.14 ബില്യന്‍ ഡോളറായി.
മൊബൈല്‍ ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും മറ്റ് ഉത്പന്നങ്ങളുടേയും 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
2021ന്റെ ആദ്യപാദത്തില്‍ ചൈന ഇന്ത്യയില്‍ നിന്ന് വലിയ അളവില്‍ ഇരുമ്പയിര് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം പാദം മുതല്‍ ചൈന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവാണ് വരുത്തിയത്.
ചൈനയുടെ വിദേശ വ്യാപാരം പ്രതിവര്‍ഷം 13 ശതമാനം വര്‍ധിച്ച് 1.48 ട്രില്യന്‍ ഡോളറിലെത്തി. ചൈനീസ് കസ്റ്റംസ് ഡാറ്റ അനുസരിച്ച് യു എസിലേക്കുള്ള ചൈനയുടെ കയറ്റുമതി ആദ്യ പാദത്തില്‍ 16.7 ശതമാനം വര്‍ധിച്ച് 138 ബില്യന്‍ ഡോളറിലെത്തി.
ചൈനയും യു എസും തമ്മിലുള്ള വ്യാപാരം 2021ല്‍ 28.7 ശതമാനം ഉയര്‍ന്ന് 755.6 ബില്യന്‍ ഡോളറായി. ചൈന- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരവും ആദ്യ മൂന്നു മാസങ്ങളില്‍ 205 ബില്യന്‍ ഡോളറിലെത്തിയിട്ടുണ്ട്.