Sorry, you need to enable JavaScript to visit this website.

യൂസ്ഡ് കാര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പ്, മലയാളിക്ക് അക്കൗണ്ടില്‍നിന്ന് നഷ്ടമായത് 22,000 റിയാല്‍

റിയാദ്- വാഹനം വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈനില്‍ കണ്ട പരസ്യം വഴി ബന്ധപ്പെട്ട മലയാളിക്ക് നഷ്ടപ്പെട്ടത് 22000 റിയാല്‍. ഒഎല്‍എക്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കാര്‍ വില്‍ക്കാനുണ്ടെന്ന പരസ്യം നല്‍കിയാണ് തട്ടിപ്പുകാര്‍ മലയാളിയുടെ അക്കൗണ്ടില്‍ നിന്ന് 22000  റിയാല്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം റിയാദിലാണ് സംഭവം.
നല്ല സെകന്റ് ഹാന്‍ഡ് കാറാണ് വില്‍ക്കാനുള്ളതെന്ന ഒഎല്‍എക്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പരസ്യം കണ്ട് ഇദ്ദേഹം ബന്ധപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ വാട്‌സാപ് നമ്പറില്‍ ഒരു ഓണ്‍ലൈന്‍ ഫോം ലഭിച്ചു. നാലഞ്ചു പേജുള്ള ഈ ഫോമില്‍ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പേജില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നല്‍കേണ്ടിയിരുന്നത്. എല്ലാം പൂരിപ്പിച്ച ശേഷം കാര്‍ ഇദ്ദേഹത്തിന്റെ ലൊക്കേഷനില്‍ എത്തിക്കുന്നതിന് അമ്പത് റിയാല്‍ സര്‍വീസ് ചാര്‍ജും ആവശ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ ഇതില്‍ തട്ടിപ്പ് മനസ്സിലാകുമായിരുന്നില്ല. എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഒരു ഒ.ടി.പി എത്തി. ആ ഒടിപി നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ ബാലന്‍സുണ്ടായിരുന്ന 22000 റിയാല്‍ പിന്‍വലിക്കപ്പെട്ടത്. ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. തുടര്‍ന്ന് ഇദ്ദേഹം റിയാദ് കെ.എം.സി.സി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് റിയാദ് പോലീസിലും പബ്ലിക് പ്രോസിക്യൂഷനിലും പരാതി നല്‍കിയിരിക്കയാണ്.
ഇതേ പോര്‍ട്ടലില്‍ കാര്‍ വില്‍പന പരസ്യം ഏതാനും ദിവസമായി തുടരുന്നുണ്ട്. ബന്ധപ്പെടേണ്ട വ്യക്തിയുടെ പേരും സ്ഥലവും എല്ലാ ദിവസവും വ്യത്യാസപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്ന് സൗദി അധികൃതര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സിദ്ദീഖ് തുവ്വൂര്‍ ഓര്‍മിപ്പിച്ചു.

 

Latest News