തായ്പെയ് സിറ്റി- യു.എസ് കോൺഗ്രസ് പ്രതിനിധി സംഘം തായ്വാനിൽ സന്ദർശനം നടത്തുന്നതിലുള്ള പ്രതിഷേധമറിയിക്കാൻ ദ്വീപിന് ചുറ്റും സൈനികാഭ്യാസം നടത്തി ചൈന. അമേരിക്ക നല്കുന്ന തെറ്റായ സൂചനകൾക്കുള്ള മറുപടിയാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി അറിയിച്ചു.
കിഴക്കൻ ചൈനാ കടലിലേക്കും തായ്വാന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും യുദ്ധക്കപ്പലുകളും ബോംബർ വിമാനങ്ങളും യുദ്ധവിമാനങ്ങളും വെള്ളിയാഴ്ച അയച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ഷി യിലു പറഞ്ഞു.
അടുത്തിടെയായി തായ്വാൻ വിഷയത്തിൽ അമേരിക്ക പതിവായി തെറ്റായ അടയാളങ്ങളാണ് നല്കുന്നതെന്ന് ഷി പറഞ്ഞു. അതിനുള്ള പ്രതികരണമാണ് ഈ പ്രവർത്തനമെന്നും യു എസ് കോൺഗ്രസ് അംഗങ്ങളെ പരാമർശിക്കാതെ ഷി വിശദമാക്കി. യു എസിന്റെ മോശം പ്രവർത്തനങ്ങളും തന്ത്രങ്ങളും പൂർണമായും വ്യർഥവും അപകടരവുമാണെന്നും തീയിൽ കളിക്കുന്നവർ സ്വയം ചുട്ടുകളയമുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ചയാണ് യു.എസ് കോൺഗ്രസ് സംഘം തായ്വാൻ സന്ദർശിച്ചത്. തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെനുമായി സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ടെക്നോളജി ഹബ് എന്ന നിലയിൽ ആഗോള പ്രാധാന്യമുള്ള രാജ്യമാണ് തായ്വാനെന്ന് യു എസ് കോൺഗ്രസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ മെനെൻഡസ് പറഞ്ഞു.
ചൈന തങ്ങളുടെ പ്രവിശ്യകളിലൊന്നായാണ് തായ്വാനെ കണക്കാക്കുന്നതെന്നതിനാൽ രാജ്യം എന്ന യു.എസ് പരാമർശം അവരെ ചൊടിപ്പിച്ചിട്ടുണ്ട്. യു.എസ് പ്രതിനിധി സംഘം തായ്വാനിൽ സന്ദർശനം നടത്തുന്നതിൽ ചൈനീസ് സർക്കാറിന് വളരെ അസന്തുഷ്ടിയുണ്ടെങ്കിലും അത് തായ്വാനെ പിന്തുണക്കുന്നതിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും മെനെൻഡസ് പറഞ്ഞു.
ലോകത്തിലെ ഉയർന്ന നിലവാരമുള്ള അർധചാലക ഉത്പന്നങ്ങളുടെ 90 ശതമാനവും തായ്വാനാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോളപ്രാധാന്യവും സ്വാധീനവുമുള്ള രാജ്യമാണ് തായ്വാനെന്നും അവരുടെ സുരക്ഷയ്ക്ക് ആഗോള സ്വാധീനമുണ്ടെന്നും മെനെൻഡസ് പറഞ്ഞു.
യു എസ് കോൺഗ്രസ് അംഗങ്ങളുടെ തായ്വാൻ സന്ദർശനം ചൈന- യു എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അപ്രഖ്യാപിത ദ്വിനി യാത്രക്കായി ഓസ്ട്രേലിയയിൽ നിന്നും വ്യാഴാഴ്ച വൈകിയാണ് യു എസ് സംഘം തായ്വാനിലെത്തിയത്. തായ്വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു, പ്രതിരോധ മന്ത്രി ചിയു കുവോ- ചെങ്ങ് എന്നിവരുമായും യു എസ് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്.