കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി കോഴിക്കോട് താമരശ്ശേരി സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണവും സാധനങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി പള്ളിയാളിയില്‍ ആദിര്‍ മൂസ (22) യെയാണ് പിടിയിലായത്. സംഭവവുമായി ബംന്ധപ്പെട്ട് മോങ്ങം സ്വദേശി നൂറുല്‍ ഇസ്‌ലാം (35)രണ്ടാഴ്ച മുമ്പ് അറസ്റ്റിലായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഇയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തു. 2021 ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ യാത്രക്കാരനെ വിമാനത്താവളത്തില്‍ നിന്നും തട്ടികൊണ്ടു പോയി വള്ളുവമ്പ്രം ഭാഗത്ത് വിജനമായ സ്ഥലത്ത് ' എത്തിച്ച് മര്‍ദ്ദിച്ച ശേഷം ഇയാള്‍ കടത്തികൊണ്ടു വന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
നേരത്തെ പിടിയിലായവനെ ചോദ്യം ചെയ്തതില്‍നിന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചത്്. ഇവര്‍ക്കായുള്ള അന്വോഷണം ഊര്‍ജിതമാക്കി. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫിന്റെ നിര്‍ദേശത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, സ്വപ്ന, വേണുഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.